Latest News

ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്ത്: കേന്ദ്രസര്‍ക്കാരിന്റെ ആരോപണം അവിശ്വസനീയം: ബാപ്പു മുസ്‌ല്യാര്‍

കോഴിക്കോട്: ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം അവിശ്വസനീയമാണെന്നും സമൂദായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ് കമ്മിറ്റി മുഖേനയോ സ്വകാര്യ ഓപറേറ്റര്‍മാര്‍ മുഖേനയോ ഇന്ത്യയില്‍ നിന്ന് പോകുന്ന ഹാജിമാര്‍ അവിടെ തങ്ങുന്നുണ്ട് എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. സൗദി സര്‍ക്കാര്‍ കര്‍ശനമായ നിയമം നടപ്പാക്കുമ്പോള്‍, അങ്ങനെയുള്ള ഒരു കാര്യം ആര്‍ക്കും അവിടെ ചെയ്യാന്‍ സാധ്യമല്ല. എന്തിന്റെ പേരിലും സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും കോട്ടുമല വ്യക്തമാക്കി.

യത്തീംഖാനയിലേക്ക് സദുദ്ദേശത്തോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ വരുന്നതിനെ മനുഷ്യക്കടത്തായി ചിത്രീകരിച്ച് ഇവിടെ കോലാഹലം ഉണ്ടാക്കിയത് നമുക്കറിയാം. എന്നാല്‍ നിഷ്പക്ഷമായ അന്വേഷണം നടത്തിയ ഏജന്‍സികള്‍ തന്നെ അത് മനുഷ്യക്കടത്തല്ല എന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത് ആരും മറന്നു പോയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറേണ്ടതാണെന്നും കോട്ടുമല ആവശ്യപ്പെട്ടു. അതു കൊണ്ട് തന്നെയാണ് സുപ്രീംകോടതി പോലും സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്.

രാജ്യത്തെ പ്രധാനമന്ത്രിമാരെല്ലാം തുടര്‍ന്നു വന്ന ഒരു രീതിയായിരുന്നു രാജ്യത്തെ പൗരന്മാര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരുക എന്നത്. എന്നാല്‍ നോമ്പുകാരനെ ശിവസേന എംപി നിര്‍ബന്ധിപ്പിച്ച് ചപ്പാത്തി തീറ്റിച്ചതും ഈദ് സന്ദേശം നല്‍കാതിരുന്ന മോദി സര്‍ക്കാറും ഹജ്ജിന്റെ കാര്യത്തിലുള്ള കള്ളപ്രചാരണവും നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാനാവില്ലെന്നും കോട്ടുമല ചൂണ്ടിക്കാട്ടി.

Keywords:Hajj News, Koottumala bapu musliyar, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.