Latest News

ഷാജഹാനും കുടുംബത്തിനും കണ്ണീരില്‍ കുതിര്‍ന്ന വിട

ആലുവ: കണ്ണീര്‍മഴ ബാക്കിവച്ചു മണ്ണിലേക്ക് അമര്‍ന്ന മാതാപിതാക്കള്‍ക്കും കുഞ്ഞനുജത്തിക്കും അവസാന മുത്തം നല്‍കി സാബിര്‍ യാത്രയാക്കി. ചൂര്‍ണിക്കര കുന്നത്തേരി ജംക്ഷനില്‍ മൂന്നുനില കെട്ടിടം മണ്ണില്‍ താഴ്ന്നു തകര്‍ന്ന അപകടത്തില്‍ മരിച്ച തരുകുപീടികയില്‍ ഷാജഹാന്‍ (44), ഭാര്യ സൈബുന്നിസ (36), മകള്‍ സാഹില (ഐഷ-12) എന്നിവര്‍ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ട മകന്‍ സാബിര്‍ യാത്രാമൊഴിയേകിയത്.

ആലുവ ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം രാവിലെ പതിനൊന്നോടെയാണു മൂവരുടെയും മൃതദേഹങ്ങള്‍ തായിക്കാട്ടുകരയിലെ ഷാജഹാന്റെ കുടുംബ വീട്ടിലെത്തിച്ചത്. ഇവിടെ ഷാജഹാന്റെ പിതാവ് അബ്ദുല്ലയും അടുത്ത ബന്ധുക്കളും മാത്രം മൃതദേഹങ്ങള്‍ കണ്ടു. തുടര്‍ന്നു കുടുംബവീടിനു സമീപമുള്ള തായിക്കാട്ടുകര ജുമാമസ്ജിദിനോടു ചേര്‍ന്ന മദ്രസയില്‍ പൊതുദര്‍ശനത്തിനു വച്ചു. മൂവരെയും അവസാനമായി കാണാന്‍ വന്‍ജനാവലി എത്തി. ഇവിടെയാണ് സാബിര്‍ ഉമ്മയെയും ബാപ്പയേയും അനുജത്തിയേയും അവസാനമായി കണ്ടത്.

മൃതദേഹങ്ങള്‍ കിടത്തിയ ഹാളിന്റെ മൂലയിലേക്കു മാറിനിന്ന സാബിര്‍ കൂടിനിന്ന എല്ലാവരുടെയും നൊമ്പരമായി. പൊതുദര്‍ശനത്തിനു ശേഷം പന്ത്രണ്ടോടെ പള്ളിയിലെത്തിച്ച മൃതദേഹങ്ങള്‍ പ്രാര്‍ഥനകള്‍ക്കു ശേഷം കബറടക്കി. ബുധനാഴ്ച രാത്രി ഒന്‍പതോടെയാണു ചൂര്‍ണിക്കര കുന്നത്തേരി ജംക്ഷനിലെ മൂന്നു നിലക്കെട്ടിടം തകര്‍ന്നു വീണു ഷാജഹാനും സൈബുന്നിസയും ഐഷയും മരിച്ചത്. ഇടിയുന്ന വീട്ടില്‍ നിന്നു തൊട്ടടുത്ത വീടിന്റെ ടെറസിലേക്കു ചാടി രക്ഷപെട്ട മകന്‍ സാബിര്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്.

മൂന്നു നിലയും അതിനു മുകളില്‍ തകിട് മേല്‍ക്കൂരയും ഉണ്ടായിരുന്ന വീട് പെട്ടെന്നു മണ്ണില്‍ താഴുകയായിരുന്നു. അടിത്തറ തകര്‍ന്നതാണ് അപകടകാരണമെന്നാണ് നിഗമനം. വീടിന്റെ ബലക്ഷയം അപകടത്തിലേക്കു നയിച്ചെന്നാണു കരുതപ്പെടുന്നത്. താഴത്തെ രണ്ടു നിലകള്‍ മുഴുവനായി തകര്‍ന്നു. മൂന്നാമത്തെ നില ഇവയുടെ മുകളിലേക്ക് അമരുകയായിരുന്നു. കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും അപകടകാരണമായെന്നും പറയപ്പെടുന്നു. താഴത്തെ നിലയില്‍ എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പും ഫ്‌ളവര്‍ മില്ലും പ്രവര്‍ത്തിച്ചിരുന്നു.

ഇതിനാല്‍ വൈദ്യുതി ബന്ധം വിച്‌ഛേദിച്ച ശേഷമാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരായ ഇതര സംസ്ഥാനത്തൊഴിലാളികള്‍ വീടിന്റെ മൂന്നാമത്തെ നിലയിലും താഴത്തെ നിലയിലും ഉണ്ടായിരുന്നു. ഇവരും ചാടി രക്ഷപ്പെട്ടു. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തി വന്ന പരിശോധന രാവിലെയോടെ പൊലീസ് പൂര്‍ത്തിയാക്കി. അപകടകാരണം കണ്ടെത്താന്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ പ്രദേശത്ത് പരിശോധന നടത്തി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.