Latest News

മദ്യലഹരിയില്‍ ഓഫീസുകളില്‍ അതിക്രമം നടത്തിയ യുവാവ് ചോരവാര്‍ന്ന് മരിച്ചു

കോട്ടയം: മദ്യലഹരിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അതിക്രമിച്ചുകയറി ആക്രമണംനടത്തിയ യുവാവ് കൈയിലെ മുറിവുകളിലൂടെ ചോരവാര്‍ന്ന് മരിച്ചു. കോട്ടയം റെയില്‍വേ ഗുഡ്‌സ്‌ഷെഡ്ഡിലെ ചുമട്ടുതൊഴിലാളി കോട്ടയം പാറമ്പുഴ കിഴക്കേക്കരമാലിയില്‍ രാജുവിന്റെ മകന്‍ അജയന്‍ പി.മാത്യു (അജയന്‍-28) ആണ് മരിച്ചത്. ഗുഡ്‌സ്‌ഷെഡ്ഡിലെ സി.ഐ.ടി.യു. യൂണിയനില്‍പ്പെട്ട തൊഴിലാളിയാണ്.

നാഗമ്പടത്തെ സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ ഓഫീസ്, അക്ഷയകേന്ദ്രത്തിന്റെ ഓഫീസ് എന്നിവയാണ് യുവാവ് മദ്യലഹരിയില്‍ അടിച്ചുതകര്‍ത്തത്. കൈകള്‍ മുറിഞ്ഞ് രക്തത്തില്‍ കുളിച്ചുനിന്ന അജയനെ പോലീസും തൊഴിലാളികളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചു. അമിതമായി രക്തം വാര്‍ന്നുപോവുകയും രക്തസമ്മര്‍ദ്ദം താഴ്ന്നുപോകുകയും ചെയ്തതോടെ അടിയന്തരചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ജീവനക്കാരായ വിജയകുമാര്‍, സതീഷ്, ജില്ലാ അക്ഷയകേന്ദ്രം അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിജു സി.മാത്യു എന്നിവരെ കോട്ടയം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. മദ്യലഹരിയിലെത്തിയ യുവാവ് ലോഡ് കയറ്റാനെത്തിയ ലോറി ഡ്രൈവറുമായി കൈയാങ്കളിയായി. ഇതോടെ ഡ്രൈവര്‍ പ്രാണരക്ഷാര്‍ഥം ഓടി വെയര്‍ഹൗസിങ് ഓഫീസില്‍ കയറി ഒളിച്ചു. പിന്നാലെയെത്തിയ യുവാവ് ഓഫീസിലെ കമ്പ്യൂട്ടറുകളും മറ്റും അടിച്ചുതകര്‍ത്തു. സംഭവംകണ്ട് പോലീസിലറിയിക്കാന്‍ ഫോണെടുത്ത മാനേജരെ മര്‍ദ്ദിച്ചശേഷം ഫോണ്‍ വഴിയിലേക്ക് വലിച്ചെറിഞ്ഞു. പുറത്തിറങ്ങി ഓടിയ മാനേജര്‍ ഓട്ടോ പിടിച്ച് പോലീസ്സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു.

ഇതിനിടെ അക്രമി അക്ഷയകേന്ദ്രത്തിന്റെ മുന്നില്‍ നിന്ന ഡ്രൈവറെ മര്‍ദ്ദിച്ചു. ഇതുകണ്ടിറങ്ങിവന്ന കോ-ഓര്‍ഡിനേറ്ററെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറിയ കോ-ഓര്‍ഡിനേറ്ററുടെ പിന്നാലെ അകത്തുകയറിയെങ്കിലും ഇദ്ദേഹം കാബിനുള്ളില്‍ കയറി കതകടച്ചു. ഇതുകണ്ട യുവാവ് കാബിന്റെ ചില്ല് കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു. ഇതിനിടെ യുവാവിന്റെ കൈയില്‍ ആഴത്തില്‍ മുറിവേറ്റു. രക്തം മുറിയിലാകെ തളംകെട്ടി. 

കലിയടങ്ങാതെനിന്ന യുവാവിനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പിടിച്ചുകെട്ടി. ഈ സമയം പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏഴു മണിയോടെ ഇയാളുടെ മരണം സ്ഥിരീകരിച്ചു. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.