Latest News

മോഷ്ടിച്ച ബൈക്കുമായി കാമുകിയെ കാണാന്‍ ചെന്ന യുവാവും സുഹൃത്തും പിടിയില്‍

ആറ്റിങ്ങല്‍: തിരുവനന്തപുരത്തുള്ള കാമുകിയെ കാണാന്‍ ആലപ്പുഴ അരൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകളില്‍ യാത്ര ചെയ്ത യുവാവും സുഹൃത്തും പൊലീസ് പിടിയിലായി.
ആലുവ കടുന്തള്ളൂര്‍ കുന്നക്കാല പറമ്പില്‍ സഹീറും (19) പതിനേഴുകാരനായ സുഹൃത്തുമാണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്. സഹീര്‍ കൊച്ചിയില്‍ സഹപാഠിയായിരുന്ന തിരുവനന്തപുരം പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കാമുകിയെ കാണാന്‍ കൊതിയായതോടെ സഹീര്‍ ആലുവയില്‍ നിന്ന് സ്വന്തം ബൈക്കില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

വിവരമറിഞ്ഞ് യാത്രയ്ക്ക് സുഹൃത്തും ചേര്‍ന്നു. ബൈക്ക് അരൂര്‍ എത്തിയപ്പോഴേയ്ക്കും പെട്രോള്‍ തീര്‍ന്നുപോയി. കൈയിലാണെങ്കില്‍ വേണ്ടത്ര പണവുമില്ലായിരുന്നു. അതോടെ ആ ബൈക്ക് അരൂര്‍ പൂട്ടി വച്ച ശേഷം അവിടെ നിന്ന് മറ്റൊരു ബൈക്കില്‍ യാത്ര തുടരാന്‍ ഇവര്‍ തീരുമാനിച്ചു. അവിടെ കണ്ട ഒരു ബൈക്ക് പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ പെട്രോള്‍ ഉണ്ടായിരുന്നു. അതിനാല്‍ ആ ബൈക്ക് മോഷ്ടിച്ച് ഇവര്‍ അതുമായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. തിരുവനന്തപുരത്തെത്തി കാമുകിയെ കണ്ട് തിരിച്ച് മടങ്ങവെയാണ് കാര്യങ്ങളെല്ലാം കുഴപ്പത്തിലായത്.

ആറ്റിങ്ങല്‍ മാമത്ത് വച്ച് അതിലെ പെട്രോളും തീര്‍ന്നു. പെട്രോള്‍ അടിക്കാന്‍ പണമില്ലാത്തതിനാല്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാനായിരുന്നു ഇത്തവണത്തെ ശ്രമം. ഇത് കണ്ട നാട്ടുകാര്‍ ഇവരെ വളഞ്ഞിട്ട് പിടിച്ച് പൊലീസിലേല്പിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു പ്രണയകഥയും ബൈക്ക് മോഷണ വിവരവുമെല്ലാം പുറത്താവുന്നത്. ഇതിന് മുന്‍പ് ഇവര്‍ ഇത്തരത്തിലുള്ള ബൈക്ക് മോഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. എന്നാലും ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ വെള്ളിയാഴ്ച് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.


Keywords: Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.