Latest News

കാലവര്‍ഷം: സഹായമെത്തിക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി- കളക്ടര്‍

കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും വീടുകള്‍ തകര്‍ന്നും കൃഷി നശിച്ചും ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായമെത്തിക്കാനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി് ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. 

കാലവര്‍ഷക്കെടുതി സംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് 10000 രൂപ അടിയന്തിര സഹായമായും 2 ലക്ഷം രൂപ വീതം ആശ്വാസ ധനമായും നല്‍കും. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് എളുപ്പത്തില്‍ സഹായമെത്തിക്കാന്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. 

ജില്ലയില്‍ 14 പേര്‍ മരിക്കുകയും 30 വീടുകള്‍ പൂര്‍ണ്ണമായും 265 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും അവലോകനയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയായി 1155 ഹെക്ടര്‍ പ്രദേശത്തെ 3.31 കോടി രൂപയുടെ കൃഷി നാശമുണ്ടായി. പി.ഡബ്ല്യൂ.ഡി റോഡുകള്‍ തകര്‍ന്ന വകയില്‍ 19 കോടി രൂപയുടേയും ദേശീയ പാത തകര്‍ന്ന വകയില്‍ 2.86 കോടി രൂപയുടേയും നഷ്ടം കണക്കാക്കുന്നു.
വൈദ്യുതി ബോര്‍ഡില്‍ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാലാണിത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കും. സേനാംഗങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. 

കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്ന മത്സ്യബന്ധനയാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. അറ്റകുറ്റ പണികള്‍ ആവശ്യമായ സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ക്കും ഫണ്ട് അനുവദിക്കും.
യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍, ഡിഎംഒ പി. ഗോപിനാഥന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം മുഹമ്മദ്, ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.