Latest News

ഷീബയുടെ ആത്മഹത്യ: ഇബ്രാഹിം ഹാജിക്ക് ഹൈക്കോടതി ജാമ്യം നല്‍കി

ബേക്കല്‍: പള്ളിക്കര സര്‍വ്വീസ് സഹകരണ ബേങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായിരുന്ന ബേക്കല്‍ കുറിച്ചിക്കുന്ന് കോളനിയിലെ കെ ഷീബ (32) ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് മാസക്കാലമായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന പള്ളിക്കര ഇല്യാസ് നഗറിലെ ഇബ്രാഹിം ഹാജി(52)ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഷീബയുടെ മരണവുമായി ബന്ധപ്പെട്ട് ഇബ്രാഹിം ഹാജിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്. 2014 ജൂണ്‍ 13നാണ് ഷീബയെ ബേക്കല്‍ ഓവര്‍ ബ്രിഡ്ജിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപമുണ്ടായ ബാഗില്‍ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പും ബ്ലാങ്ക് ചെക്കുകളും കണ്ടെടുത്തതോടെയാണ് അന്വേഷണം ഇബ്രാഹിം ഹാജിയെ കേന്ദ്രീകരിച്ചത്. ഇബ്രാഹിം ഹാജിയില്‍ നിന്നും അരലക്ഷത്തോളം രൂപ താന്‍ വീട് നിര്‍മ്മാണത്തിനായി വായ്പ വാങ്ങിയിരുന്നുവെന്നും പലിശയടക്കം ഒന്നര ലക്ഷത്തോളം രൂപ തിരിച്ചു നല്‍കിയിട്ടും പണത്തിന് വേണ്ടി ഹാജി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇതേ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ഷീബയുടെ കുറിപ്പിലുണ്ടായിരുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം ഹാജിക്കതിരെ ആത്മഹത്യപ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നത്. അറസ്റ്റിലായ ഹാജിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 

ഹാജി നല്‍കിയ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതിയും ജില്ലാകോടതിയും തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്. 

അതിനിടെ കുറിച്ചിക്കുന്നിലെ അംബേദ്ക്കര്‍ പുരുഷസ്വയം സഹായ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രസിഡണ്ടിന്റെ വ്യാജഒപ്പ് ഉപയോഗിച്ച് 30000 രൂപയുടെ തിരിമറിനടത്തിയെന്ന പരാതിയില്‍ ആത്മഹത്യ ചെയ്ത ഷീബയുടെ ഭര്‍ത്താവ് രാജേഷ് എന്ന രാജകൃഷ്ണനെതിരെ കോടതി നിര്‍ദേശപ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.