Latest News

തൃക്കരിപ്പൂര്‍ പോളിയിലെ എസ്.എഫ്.ഐ.ഗുണ്ടായിസം സി.പി.എം. ഇടപെടണം: എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ.ക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അനുവദിക്കാത്ത കിരാത ഫാസിസ്റ്റ് നടപടി അവസാനിപ്പിക്കാന്‍ സി.പി.എം.ഇടപെടണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. 

വിവിധ സംഘടനകളില്‍പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു സംഘടനയിലും അംഗത്വമില്ലാത്തവര്‍ക്കും തൃക്കരിപ്പൂര്‍ പോളിയില്‍ പഠനം നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കോളജിനകത്ത് എസ്.എഫ്.ഐ.ക്കാരും പുറത്ത് ഡി.വൈ.എഫ്.ഐ,സി.ഐ.ടി.യു. ഗുണ്ടകളും ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുനേരെ വധ ഭീഷണി ഉയര്‍ത്തുകയും നിരന്തരം മര്‍ദ്ദിക്കുകയുമാണ്.
കോളജിലെ അവസാന വര്‍ഷവിദ്യാര്‍ത്ഥിയും എം.എസ്.എഫ്. കാസര്‍കോട് മുനിസിപ്പല്‍പ്രസിഡണ്ടുമായ മുഹമ്മദ് സഹദിനെയും സഹപ്രവര്‍ത്തകരെയും എം.എസ്.എഫ് പ്രവര്‍ത്തകരായതിന്റെ പേരില്‍ കോളജിനകത്തും പുറത്തും വേട്ടയാടുകയാണ്. 

എസ്.എഫ്.ഐ.ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ കലാലയങ്ങളില്‍ തങ്ങളല്ലാത്തവര്‍ വേണ്ട എന്ന ഫാസിസ്റ്റ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.
സി.പി.എമ്മിനും എസ്എഫ്.ഐ.ക്കും സ്വാധീനമില്ലാത്ത നിരവധി സ്ഥലങ്ങളും അവിടെയെല്ലാം കലാലയങ്ങളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളിലെല്ലാം എസ്.എഫ്.ഐ-സി.പി.എം. പ്രവര്‍ത്തകര്‍ പഠിക്കുകയോ ജോലിയെടുക്കുകയോ ചെയ്യുന്നുണ്ടെന്നും ഓര്‍ക്കുന്നത് നന്നായിരിക്കും. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ഭയമായി പഠനം നടത്താനും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടാനുമുള്ള സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അത് അനുവദിക്കില്ലെന്ന എസ്.എഫ്.ഐ. നിലപാട് ശരിയല്ല. പോളി ടെക്‌നിക്ക് പ്രിന്‍സിപ്പല്‍ സി.പി.എം. എസ്.എഫ്.ഐ. നേതാക്കളുടെ ആജ്ഞാവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിന് പകരം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനം നടത്താനും സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടാനുമുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. 

എസ്.എഫ്.ഐ. ഗുണ്ടായിസം അവസാനിപ്പിച്ച് പോളി ടെക്‌നിക്ക് കോളജില്‍ സമാധാനം നിലനിര്‍ത്താര്‍ ആവശ്യമായ പ്രവര്‍ത്തനം നടത്തേണ്ട ഉത്തരവാദിത്വം സി.പി.എമ്മിനാണ്. അത് നിര്‍വ്വഹിക്കാന്‍ നേതൃത്വം തയ്യാറാവണമെന്ന് എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.