കാസര്‍കോട്: കോണ്‍ഗ്രസ് നേതാക്കള്‍ മദ്യവിപത്തിനെതിരെ പ്രസംഗിക്കുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗുജറാത്ത് സംസ്ഥാനത്തെ മാതൃകയാക്കി കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി വികാസ് പുത്തൂര്‍ ആവശ്യപ്പെട്ടു.
അത്തം മുതല്‍ ചതയം വരെ മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കള്‍ മദ്യത്തിനെതിരെ സംസാരിക്കുന്നത് കയ്യടിക്കുവേണ്ടിയാണ്. മദ്യമുതലാളിമാര്‍ക്ക് വേണ്ടി വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ടെന്നത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിട്ട ബാറുകള്‍ തുറക്കണമെന്ന് സര്‍ക്കാരില്‍ നിന്നുതന്നെ ആവശ്യമുയരുന്നത് ഇതിന് തെളിവാണ്.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും ആഘോഷമായ ഓണക്കാലത്ത് അത്തം മുതല്‍ ചതയം വരെ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി, ജില്ലാ സെക്രട്ടറിമാരായ സ്‌നേഹലത ദിവാകര്‍, എസ്.കുമാര്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ്കുമാര്‍ റൈ, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ഹരീഷ് നാരംപാടി, രഞ്ജിത്ത് അമ്മംകോട്, കെ.ടി.സുനില്‍, ബി.ഭരതന്‍ എന്നിവര്‍ സംസാരിച്ചു. എ.പി.ഹരീഷ്‌കുമാര്‍ സ്വാഗതവും രാജേഷ് കൈന്താര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment