Latest News

ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാനുളള പരീക്ഷ വിവാദത്തില്‍

കാസര്‍കോട്: ജില്ലാ സഹകരണബാങ്കില്‍ ഡ്രൈവര്‍മാരാകാന്‍ എത്തിയവര്‍ക്കുള്ള പരീക്ഷയ്ക്ക് നല്കിയത് ഒടിയാത്ത ജീപ്പ്. വളയം പിടിച്ച് പരീക്ഷ നേരിട്ടവരെല്ലാം തോറ്റു.

ജില്ലാ സഹകരണ ബാങ്ക് ഡ്രൈവര്‍ നിയമനത്തിന് പി.എസ്.സി. നടത്തിയ എഴുത്തുപരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍പ്പെട്ടവരാണ് പ്രായോഗികപരീക്ഷയില്‍ ഒന്നിച്ചുതോറ്റത്.
2011 ലാണ് ജില്ലാ ബാങ്കിലെ മൂന്ന് ഡ്രൈവര്‍മാരുടെ തസ്തികയിലേക്ക് പി.എസ്.സി. പരീക്ഷ നടത്തിയത്. മൂന്നുമാസംമുമ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 20 പേരെ മെയിന്‍ ലിസ്റ്റിലും 20 പേരെ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍ക്കൊള്ളിച്ചാണ് പട്ടിക പുറത്തിറക്കിയത്. മെയിന്‍ ലിസ്റ്റിലെ 20 പേര്‍ക്കാണ് വ്യാഴാഴ്ച കാസര്‍കോട്ട് ഡ്രൈവിങ് പരീക്ഷ നടത്തിയത്. എല്ലാവരും തോറ്റു. 

എഴുത്തുപരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരും പ്രായപരിധി പൂര്‍ത്തിയായവരും ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളാണ് ഡ്രൈവിങ് പരീക്ഷയ്‌ക്കെത്തിയത്.
ഡ്രൈവിങ് ടെസ്റ്റിന് നല്കിയ ജീപ്പിന്റെ അപാകമാണ് ആരും വിജയിക്കാത്തതിന് കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. കൃത്യമായി സ്റ്റിയറിങ് ഒടിയാത്ത വാഹനമാണ് പരീക്ഷ നടത്താന്‍ കൊണ്ടുവന്നത് എന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. 

പരീക്ഷ നടത്താന്‍ വന്നവരോട് വണ്ടി എച്ച് രീതിയില്‍ എടുത്ത് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. കെ. എസ്. ആര്‍. ടി. സി. ഡ്രൈവര്‍മാരും പി. എസ്. സി. യുടെ മറ്റ് ഡ്രൈവിങ്‌ടെസ്റ്റില്‍ വിജയിച്ചവരും ഒരുപോലെ പരാജയപ്പെട്ടത് ജീപ്പിന്റെ അപാകം കൊണ്ടാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
വനം വകുപ്പിന്റെ ജീപ്പാണ് പരീക്ഷയ്ക്ക് ഉപയോഗിച്ചത്. താത്കാലികനിയമനക്കാരെ സ്ഥിരപ്പെടുത്താനും സ്വന്തക്കാരെ തിരുകിക്കയറ്റാനുമാണ് ഡ്രൈവിങ് ടെസ്റ്റിന് വന്നവരെ മുഴുവന്‍ തോല്പിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 

വേറെ വണ്ടിയുപയോഗിച്ച് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. ഓഫീസര്‍ക്കും കളക്ടര്‍ക്കും റാങ്ക് ലിസ്റ്റിലുള്ളവര്‍ പരാതി നല്‍കി.
ഇടുക്കി, മലപ്പുറം, വയനാട് , പാലക്കാട് ജില്ലക്കാര്‍വരെ ഡ്രൈവിങ് പരീക്ഷയ്ക്ക് എത്തിയിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.