Latest News

കോളേജ് മാഗസിനില്‍ ബിവറേജസിന്റെ പരസ്യം: വിവാദം ചൂടുപിടിക്കുന്നു

കാഞ്ഞങ്ങാട്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മാഗസിനില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ പരസ്യം പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് സ്റ്റാഫ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം. യോഗത്തില്‍ മാനേജര്‍ ഫാ. ജോസ് ചെറപ്പുറം പങ്കെടുക്കും.

കോളേജ് മാഗസിനില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ പരസ്യം നല്‌കേണ്ടിയിരുന്നില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എന്നാല്‍, സ്റ്റാഫ് കൗണ്‍സിലിനുശേഷമേ ഇതേപ്പറ്റി ഔദ്യോഗികമായി എന്തെങ്കിലും പറയാനാകൂവെന്നും പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പറഞ്ഞു.

അതിനിടെ, വിദ്യാര്‍ഥിസംഘടനകള്‍ ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ജില്ലാ കമ്മറ്റിയും ജില്ലാ പ്രസിഡന്റും ഇതിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ടെങ്കിലും കെ.എസ്.യു.വിന്റെ യൂണിറ്റ് നേതാക്കള്‍ പരസ്യം വാങ്ങിയതിനെ ന്യായീകരിക്കുകയാണ്. സര്‍ക്കാര്‍വിരുദ്ധ പരസ്യമല്ലല്ലോ ഇത് എന്നാണ് അവര്‍ ചോദിക്കുന്നത്.

പ്രതിഷേധപ്രകടനവുമായാണ് എസ്.എഫ്.ഐ. രംഗത്തുവന്നത്. കോളേജ് മാഗസിന്‍ പിന്‍വലിക്കുക, സ്റ്റാഫ് എഡിറ്റര്‍ക്കെതിരെയും മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് എസ്.എഫ്.ഐ. ഉന്നയിക്കുന്നത്. സ്റ്റാഫ് കൗണ്‍സില്‍ കര്‍ക്കശനിലപാട് എടുത്തില്ലെങ്കില്‍ സമരം ചെയ്യുമെന്ന് കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായ വി.രാജേഷ്, നെല്‍സണ്‍ജോസഫ്, അമീര്‍ പള്ളിക്കാല്‍ എന്നിവര്‍ അറിയിച്ചു.

ശുദ്ധമായ വിദേശമദ്യമേ വാങ്ങാവൂ എന്നും വ്യാജമദ്യം കഴിച്ച് ആരോഗ്യവും ജീവിതവും നശിപ്പിക്കല്ലേ എന്നുമാണ് പരസ്യത്തിലെ ഉപദേശം.

കോളേജ് യൂണിയന്‍ നേതൃത്വം ഇപ്പോള്‍ എസ്.എഫ്.ഐ.ക്കാണ്. എന്നാല്‍, വിവാദത്തിലായ മാഗസിന്‍ പുറത്തിറക്കിയത് കഴിഞ്ഞവര്‍ഷത്തെ കെ.എസ്.യു. യൂണിയനാണ്. ഫ്രണ്ട് റിക്വസ്റ്റ് എന്ന പേരിലുള്ള മാഗസിന്‍ കഴിഞ്ഞദിവസമാണ് വിതരണം ചെയ്തത്. മാഗസിന്‍വിതരണം ചെയ്തിട്ടില്ലെങ്കിലും ഇതിന്റെ പ്രകാശനം മാസങ്ങള്‍ക്കുമുമ്പ് ഷാഫി പറമ്പില്‍ എം.എല്‍.എ. നിര്‍വഹിച്ചിരുന്നു.

മാഗസിനില്‍ മദ്യത്തിനെതിരെ നല്‍കിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് സ്റ്റാഫ് എഡിറ്റര്‍ ഡോ. ഫെഡ് മാത്യു വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയുന്നത്.

'പുകയുന്ന മദ്യം' എന്ന പേരിലാണ് ലേഖനമുള്ളത്. മദ്യത്തിനെതിരെ എക്കാലവും സംസാരിക്കുന്നയാളാണ് താനെന്നും ഇത്രയും വിവാദമാക്കേണ്ട വിഷയമായി തനിക്കിത് തോന്നുന്നില്ലെന്നും ഫെഡ് മാത്യു പറഞ്ഞു. വലിയ സാമ്പത്തികബാധ്യത കുട്ടികള്‍ക്ക് വരാതിരിക്കാന്‍ സര്‍ക്കാര്‍പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കല്ലേയെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പരസ്യത്തിന് ബിവറേജസ് കോര്‍പ്പറേഷന്‍ നല്കിയത് 5,000 രൂപയാണ്. ഒരു ഫുള്‍ പേജ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യമാണ്. മദ്യത്തിനെതിരെയുള്ള അവബോധമാണ് ഇത്തരമൊരു പരസ്യത്തിന് പിന്നിലെ ലക്ഷ്യമെന്ന് ബിവറേജ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ മുസ്തഫ കമാല്‍ പറഞ്ഞു. മദ്യത്തിനെതിരെ പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ കോര്‍പ്പറേഷന്‍ ഓരോ വര്‍ഷവും നിശ്ചിതതുക മാറ്റിവെക്കുന്നുണ്ട്. മാഗസിനില്‍ പരസ്യം കൊടുക്കണമെന്ന നിഷ്‌കര്‍ഷയൊന്നും മുന്നോട്ടുവച്ചിട്ടില്ല. ആ തുക വാങ്ങി എന്തെങ്കിലും കാമ്പയിന്‍ നടത്തിയാലും മതി. വ്യാജമദ്യത്തിനെതിരെയാണ് കോര്‍പ്പറേഷന്‍ എന്നും പരസ്യം നല്‍കാറുള്ളത്. അതും അബ്കാരി നിയമത്തിനകത്തുനിന്നുകൊണ്ട് മാത്രം. കോളേജ് മാഗസിനില്‍ ഇത് പ്രസിദ്ധികരിക്കുന്നത് കടന്നകൈയാണോ എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല -അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സ്റ്റുഡന്റ് എഡിറ്റര്‍ കെ.അശ്വതിയെ വിളിച്ച്  റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.