Latest News

ടൈറ്റാനിയം: അന്വേഷണം നേരിടാം, രാജിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും, ഇക്കാര്യത്തില്‍ രാജിക്കില്ല. ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണെന്നും, തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റാനിയം അഴിമതി കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട യാതൊരു കാര്യവുമില്ല. രാമചന്ദ്രന്‍ മാസ്റ്ററുടെ ഒരു പത്രസമ്മേളനത്തിന്റെ പേരില്‍ മാത്രം ചെന്നിത്തലയെ കേസിലുള്‍പ്പെടുത്തിയതാണ്. ചെന്നിത്തലയ്ക്ക് ഇതില്‍ ഒരു പങ്കുമില്ല- മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും, അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ച് പൂട്ടണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്ന് എറണാകുളത്തേയും തിരുവനന്തപുരത്തേയും എല്ലാ തൊഴിലാളി സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെടുകയായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു. ത്യാഗരാജന്റെ നിര്‍ദ്ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും തിരുവനന്തപുരത്തെ ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായി. ടൈറ്റാനിയം മാനേജ്‌മെന്റ് തയ്യാറാക്കിയ പ്രൊജക്ട് കാബിനറ്റില്‍ അംഗീകരിച്ചാണ് പ്ലാന്റ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ തിരഞ്ഞെടുത്തത്. അപ്പോഴേക്കും സര്‍ക്കാര്‍ മാറി.

പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാരാണ് പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. വലിയ ആഘോഷത്തോടൊയിരുന്നു ഉദ്ഘാടനം. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത് -മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതെന്ന് പറഞ്ഞ് തനിക്ക് വേണമെങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടാതിരിക്കാമായിരുന്നു. എന്നാല്‍ തൊഴിലാളികളുടെ കാര്യമോര്‍ത്താണ് താന്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഇത് സംബന്ധിച്ച് 2006 ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേര് അതിലുണ്ടായിരുന്നില്ല. 2011 ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിന് ശേഷം അഞ്ചുവര്‍ഷം ഇടതു സര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഈ വിഷയുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ഒട്ടേറെ ചര്‍ച്ചകള്‍ നടന്നതാണെന്നും ഇനിയും ആര്‍ക്കെങ്കിലും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുള്‍െപ്പടെ11 പേര്‍ക്കെതിരെ കേസെടുത്ത് വീണ്ടും അന്വേഷണം നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. 2005 ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ചുള്ളതാണ് കേസ്.

ഈ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന്, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനം.

Keywords: Thiruvananthapuram, Ummanchandi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.