Latest News

അമ്മയുടെ ആഗ്രഹം നിറവേറ്റി രജിയ മോഹന് അഫ്‌സലുല്‍ ഉലമ

ആലപ്പുഴ: വൃക്കരോഗിയായ അമ്മയുടെ ആഗ്രഹം രജിയ മോഹന്‍ നിറവേറ്റി. ഹൈന്ദവ സമുദായ അംഗമായ ഈ പെണ്‍കുട്ടി കാലിക്കറ്റ് സര്‍വകലാശാലയുടെ കഴിഞ്ഞ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പരീക്ഷ ഒന്നാം ക്ളാസോടെ പാസായി.

തന്‍െറ വിജയം മാതാവ് രതിക്ക് സമര്‍പ്പിക്കാന്‍ ഈ പെണ്‍കുട്ടി ആഗ്രഹിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മകളെ ഒരു അറബി അധ്യാപിക ആക്കുകയെന്നത് രതിയുടെ ആഗ്രഹമായിരുന്നു. രജിയയുടെ പിതാവ് ആറാട്ടുപുഴ പതിയാങ്കര ഐഷപറമ്പില്‍ മോഹനനാകട്ടെ വല്ലപ്പോഴും ലഭിക്കുന്ന മേസ്തിരിപ്പണിയില്‍ നിന്നുമുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് ഭാര്യയുടെ ഭാരിച്ച ചികിത്സാച്ചെലവും രണ്ട് മക്കളുടെ പഠനച്ചെലവും നടത്തിക്കൊണ്ട് പോകുന്നത്.
അമ്മയുടെ ആഗ്രഹം അറിഞ്ഞത് മുതല്‍ അറബി അധ്യാപിക തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായുള്ള ശ്രമമായിരുന്നു. അറബിയിലുള്ള 18 പുസ്തകങ്ങള്‍ പഠിച്ച് നാലുപേപ്പറുകള്‍ അറബിയില്‍ തന്നെ എഴുതിയാണ് രജിയ പരീക്ഷയില്‍ മികച്ച വിജയം നേടിയത്. അമ്മയുടെ ആഗ്രഹപ്രകാരം ഏതെങ്കിലും വിദ്യാലയത്തില്‍ അറബി അധ്യാപികയാകാനാകുമെന്ന വിശ്വാസത്തിലാണ് ഈ പെണ്‍കുട്ടി.
തനിക്ക് അധ്യാപക ജോലി ലഭിച്ചെന്ന് കേള്‍ക്കുമ്പോള്‍ അമ്മക്കുണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് അവള്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. അതോടെ അമ്മ ശാരീരികവും മാനസികവുമായി ആരോഗ്യവതിയാകുമെന്നും കരുതുന്നു. സര്‍ക്കാര്‍ ജോലി നേടിയെടുക്കും വരെ ഏതെങ്കിലും സ്വകാര്യ മാനേജ്മെന്‍റ് തനിക്ക് വേണ്ടി മനസ്സ് തുറന്നെങ്കിലെന്ന പ്രാര്‍ഥനയിലാണ് രജിയ. 

അമ്പലപ്പുഴ നീര്‍ക്കുന്നത്തെ അല്‍-മനാര്‍ അറബിക് കോളജിലായിരുന്നു രജിയയുടെ പഠനം. തന്‍െറ വിജയത്തിനായി പ്രയത്നിച്ച ഡയറക്ടര്‍ കൂടിയായ ഹംസ എ. കുഴിവേലിയുള്‍പ്പെടെയുള്ള അധ്യാപകരെ നന്ദിപൂര്‍വം സ്മരിച്ച രജിയ ഒന്നാം ക്ളാസില്‍ പരീക്ഷ ജയിച്ചുവെന്ന് കോളജില്‍നിന്ന് അറിയിച്ചപ്പോള്‍ സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ കാര്യം മറച്ചുവെച്ചില്ല.



Keywords: Alappuza, , Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.