Latest News

പുനഃര്‍ജ്ജന്മം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സഹചാരിയെ കൊലപ്പെടുത്തിയ വ്യാജസിദ്ധന്‍ അറസ്റ്റില്‍

ഇസ്ലാമബാദ്: പ്രാര്‍ത്ഥനയിലൂടെ പുനഃര്‍ജ്ജനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സഹചാരിയെ കൊലപ്പെടുത്തിയ വ്യാജസിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ബഹവല്‍നഗറിലുള്ള മുബാറക്കബാദ് ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സാബിര്‍ എന്ന സിദ്ധനെയാണ് ബുധനാഴ്ച മുള്‍ട്ടിനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നിരവധി അത്ഭുതപ്രവര്‍ത്തനങ്ങള്‍ കാണിച്ച് ഗ്രാമവാസികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് അറസ്റ്റിലായ സിദ്ധന്‍. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇയാള്‍ തനിക്ക് മരിച്ചു പോയ വ്യക്തിയെ പുനഃര്‍ജ്ജീവിപ്പിക്കാനാകുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനായി ഭാര്യയും കുട്ടിയുമുള്ള ഒരാള്‍ തയ്യാറായി വരണമെന്നും താന്‍ അയാള്‍ക്ക് പുനര്‍ജ്ജന്മം നല്‍കുമെന്നും മുഹമ്മദ് സാബിര്‍ പറഞ്ഞു. ഇത് വിശ്വസിച്ച കൂലിപ്പണിക്കാരനും ആറ് കുട്ടികളുടെ പിതാവുമായ മുഹമ്മദ് നിയാസ്(40) അത്ഭുത പ്രവര്‍ത്തനത്തിന് തയ്യാറായി മുന്നോട്ട് വരികയായിരുന്നെന്ന് എക്‌സ്പ്രസ് ട്രൈബ്രൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച നിയാസിനെ കൈകാലുകള്‍ കെട്ടിയ ശേഷം മേശയില്‍ കിടത്തി കാണികള്‍ നോക്കി നില്‍ക്കെ സാബിര്‍ അയാളുടെ കഴുത്ത് മുറിക്കുകയായിരുന്നു. എന്നാല്‍ അജ്ഞാതനായ ഒരു വ്യക്തി നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേയ്ക്കും നിയാസ് മരിച്ചിരുന്നു. മരിച്ചയാളെ തിരികെക്കൊണ്ടു വരാന്‍ സാബിര്‍ എന്തൊക്കെയോ മന്ത്രങ്ങളൊക്കെ ഉരുവിട്ടെങ്കിലും അത്ഭുതമൊന്നും സംഭവിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ ഗ്രാമവാസികള്‍ വ്യാജസിദ്ധനെ തടഞ്ഞുവെയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു.

ദുര്‍മന്ത്രവാദങ്ങളില്‍ നിന്നും ഗ്രാമവാസികളെ രക്ഷിക്കാനെന്ന പേരില്‍ സാബിര്‍ മൃഗങ്ങളെയും പക്ഷികളെയും കൊന്ന് അവയുടെ രക്തം അനുയായികളുടെ ശരീരത്തില്‍ തളിക്കാറുണ്ടായിരുന്നെന്നും ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. സാബിറിനെതിരെ മുള്‍ട്ടാനിലെ സദാര്‍ പൊലീസ് കേസെടുത്തു.

അതേ സമയം കൊല്ലപ്പെട്ട നിയാസിന്റെ കുടുംബം സംഭവത്തില്‍ വിഷമമില്ലെന്ന് പറഞ്ഞു. തന്റെ സഹോദരന്‍ ഒരു മത നേതാവിന് വേണ്ടി സ്വയം സമര്‍പ്പിച്ചതാണെന്നും അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോള്‍ സ്വര്‍ഗത്തിലായിരിക്കുന്‌പോള്‍ തങ്ങള്‍ എന്തിനാണ് വിഷമിക്കുന്നതെന്നും നിയാസിന്റെ സഹോദരിയായ സാമിന പറഞ്ഞു. തന്റെ സഹോദരന്‍ ഒരു അത്ഭുതത്തിന്റെ ഭാഗമാണെന്നും സിദ്ധനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും സാമിന വ്യക്തമാക്കി.



Keywords: Pakisthan, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.