Latest News

400 കോടിയുടെ ജിടിഎസ് തട്ടിപ്പ്; സിബിഐ അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഗ്ലോബല്‍ ട്രേഡിങ് സൊലൂഷന്‍സിന്റെ പേരില്‍ നടന്ന നിക്ഷേപ തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കാസര്‍കോട് നായന്മാര്‍മൂലയിലെ സി വി സാദിഖിനെയും ഭാര്യയെയും കണ്ടെത്തുന്നതിന് ഇന്റര്‍പോളിന്റെ സഹായം സിബിഐ തേടിയേക്കും.

കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ജിടിഎസിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ഓഫീസുണ്ടായിരുന്നു. പത്തായിരത്തോളം നിക്ഷേപകരില്‍നിന്ന് 400 കോടിയോളം രൂപ പിരിച്ചെന്നാണ് പ്രാഥമിക നിഗമനം. ഒമ്പത് കോടിയോളം നിക്ഷേപിച്ച കര്‍ണാടക സ്വദേശികളായ ഫെര്‍ണാണ്ട് രാജ്, ലോറന്‍സ്, സണ്ണി ജോസഫ് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. 

പ്രാഥമികാന്വേഷണത്തിനുശേഷം 18നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. ജിടിഎസിന്റെ വിവിധ സ്ഥാപനങ്ങളില്‍ സിബിഐ നടത്തിയ പരിശോധനയില്‍ 34 രേഖകളും കംപ്യൂട്ടറും കസ്റ്റഡിയിലെടുത്തു. സാദിഖും ഭാര്യ ഖദീജത്ത് നൗഷ (25) യുമാണ് കേസിലെ പ്രധാന പ്രതികള്‍. നടത്തിപ്പുകാരായ അബ്ദുള്‍നാസര്‍, ഉഷ തുടങ്ങിയവരെയും പ്രതിചേര്‍ത്തു.

വിദേശത്ത് നടത്തുന്ന ഫോറക്സ് ട്രേഡിങ്ങിലൂടെ കിട്ടുന്ന ലാഭവിഹിതം മാസംതോറും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിച്ചു. ഒരു ലക്ഷത്തിന് മാസം 9,000 രൂപ ലാഭം വാഗ്ദാനം ചെയ്തു. തുടക്കത്തില്‍ കുറച്ചാളുകള്‍ക്ക് ലാഭം കിട്ടിയതോടെ നിരവധിപേര്‍ വന്‍ തുക നിക്ഷേപിച്ചു. 

ഹൈക്കോടതിയില്‍ പരാതി നല്‍കിയവര്‍ മാത്രം ഒമ്പതുകോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി ഒരു വര്‍ഷം കാത്തിരുന്നിട്ടും അന്വേഷണം നടത്താത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ കോടതിയെ സമീപിച്ചു. ഇതിനിടെ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് പരാതിക്കാരില്‍നിന്ന് മൊഴിയെടുത്തതൊഴിച്ചാല്‍ കാര്യമായ അന്വേഷണം നടത്തിയില്ല. 

സാദിഖും ഭാര്യയും തട്ടിപ്പ് നടത്തി ഗള്‍ഫിലേക്ക് മുങ്ങിയിട്ട് രണ്ടുവര്‍ഷത്തോളമായി. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തിയില്ല. ഭരണകക്ഷിയിലെ ചിലരുടെ ഇടപെടലാണ് തുടക്കത്തില്‍ കേസ് അന്വേഷിക്കാതിരിക്കാന്‍ കാരണം. 

സാദിഖിന്റെ നായന്മാര്‍മൂലയിലുള്ള വീട് പൂട്ടിക്കിടക്കുകയാണ്. ഒരു സ്കൂളും കോളേജും സാദിഖ് നടത്തിയിരുന്നു. ഇതിനിടെ ഇവ മറിച്ചുവിറ്റിട്ടും പൊലീസിന് നടപടി സ്വീകരിക്കാനായില്ല. സിബിഐ അന്വേഷണത്തില്‍ തട്ടിപ്പുകാരെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പരാതിക്കാര്‍. 



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.