Latest News

ഇ.പി. ജയരാജന്‍ വധശ്രമക്കേസ്‌ വിചാരണ ആരംഭിച്ചു

തലശേരി: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ വിചാരണ ആരംഭിച്ചു. തന്നെ കൊലപ്പെടുത്താനാണ്‌ അക്രമിസംഘം ബോംബെറിഞ്ഞതെന്ന്‌ ഇ.പി. ജയരാജന്‍ വിചാരണക്കോടതിയില്‍ മൊഴിനല്‍കി. 

2000 ഡിസംബര്‍ രണ്ടിന്‌ ഏലങ്കോട്ട്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞുവെന്ന കേസിന്റെ വിചാരണയാണ്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ഹരിഗോവിന്ദന്റെ മുമ്പാകെ നടക്കുന്നത്‌. 

ജയരാജന്റെ മൊഴി: ഏലങ്കോട്‌ കനകരാജിന്റെ രക്‌തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ നടത്തിയ ചടങ്ങിലേക്ക്‌ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന താന്‍ പോവുകയായിരുന്നു. അക്രമസാധ്യതയുള്ളതിനാല്‍ പരിപാടി വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഡിവൈ.എസ്‌.പി: പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. 

ദേശാഭിമാനി ഫോട്ടോഗ്രാഫറും കുഞ്ഞനന്തന്‍ ഉള്‍പ്പടെയുള്ള നേതാക്കളും യാത്രയില്‍ തന്റെ കൂടെയുണ്ടായിരുന്നു. 200 മീറ്റര്‍ സഞ്ചരിച്ചപ്പോഴാണ്‌ ഒരാള്‍ കൊടുവാളും ബോംബുമായി റോഡിലേക്ക്‌ ഓടിക്കയറി കാറിനുനേരെ ബോംബെറിഞ്ഞത്‌. കൊല്ലാന്‍ ആക്രോശിച്ച്‌ നിരവധിപേര്‍ വാഹനത്തിനു പിന്നിലുമെത്തി. 

ബോംബുകളില്‍ ചിലതു കാറിനു മുന്നിലും ചിലതു പുറകിലുമായി പൊട്ടി. അക്രമിസംഘത്തിലുള്ള ഒരാള്‍ തന്റെ നേരെയെറിഞ്ഞ ബോംബ്‌ കാറിന്റെ ഇടതുഭാഗത്തു തട്ടി പൊട്ടിത്തെറിച്ചു. ഡ്രൈവര്‍ വാഹനം സമര്‍ഥമായി മുന്നോട്ടു കൊണ്ടുപോയതിനാലാണ്‌ അക്രമത്തില്‍നിന്നു രക്ഷപ്പെട്ടത്‌. 

സ്‌ഫോടന ശബ്‌ദത്തില്‍ അസ്വസ്‌ഥതയുണ്ടാവുകയും തന്റെ ചെവി അടഞ്ഞുപോകുകയും ചെയ്‌തു. തുടര്‍ന്നു തലശേരി കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പരിചയമില്ല. പ്രതികളെ തിരിച്ചറിഞ്ഞതു തന്റെ കൂടെയുണ്ടായിരുന്നവരാണ്‌- ജയരാജന്‍ മൊഴിനല്‍കി. 

കേസ്‌ മാറ്റിവയ്‌ക്കാന്‍ പ്രതിഭാഗം അപേക്ഷ നല്‍കിയതു കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ: കെ.സി.എ. മുനീര്‍, അഡ്വ. വിനോദ്‌ ചമ്പളോന്‍ എന്നിവര്‍ ഹാജരായി. 28 പേരാണു കേസിലെ പ്രതികള്‍. 



Keywords: Kannur News, EP Jayarajan, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.