Latest News

മൈലാട്ടി ഡീസല്‍ നിലയം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം തുടങ്ങി

പൊയിനാച്ചി: ജില്ലയിലെ ഏക വൈദ്യുതി ഉല്‍പാദന കേന്ദ്രമായ മൈലാട്ടി ഡീസല്‍ നിലയം അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംരക്ഷണ റാലി സംഘടിപ്പിച്ചു. മൈലാട്ടി ഡീസല്‍ നിലയത്തിന് മുന്നില്‍ ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. 

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ കുമാരന്‍, എം കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ടി നാരായണന്‍ സ്വാഗതം പറഞ്ഞു. പൊയിനാച്ചി ടൗണ്‍ കേന്ദ്രീകരിച്ച റാലിയില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.
രൂക്ഷമായ വൈദ്യുതി ക്ഷാമത്തില്‍ ഇരുട്ടിലായിരുന്ന ഉത്തരകേരളത്തിന് പ്രകാശം പകര്‍ന്ന് 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കമീഷന്‍ ചെയ്ത വൈദ്യുതി നിലയമാണ് അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നത്. 21.93 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള മൂന്ന് യൂണിറ്റുള്ള കാസര്‍കോട് പവര്‍ കോര്‍പറേഷന്റെ എല്‍എസ്എച്ച്എസ് നിലയത്തില്‍നിന്ന് വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബി നിര്‍ത്തി. കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നത് നിര്‍ത്തിയതും വാങ്ങിയതിന്റെ തുക നല്‍കാത്തതുമാണ് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം.
ഇതിനിടയില്‍ കമ്പനിയിലെ 34 തൊഴിലാളികളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇവരോട് തിങ്കളാഴ്ച മുതല്‍ ജോലിക്ക് വരേണ്ടെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. ശനിയാഴ്ച തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ 14 പേരെ താല്‍ക്കാലികമായി നിലനിര്‍ത്താമെന്നും ബാക്കിയുള്ളവരെ 15ന് മുമ്പ് സേവന- വേതന വ്യവസ്ഥകള്‍ നല്‍കി പിരിച്ചുവിടുമെന്നും കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. 

നിലയം നോക്കി നടത്താനാണ് ഇവരെ നിയമിക്കുന്നത്. ജൂലൈയിലെ ശമ്പളം ബുധനാഴ്ച നല്‍കുമെന്നും ആഗസ്തിലേത് 15ന് ഫൈനല്‍ സെറ്റില്‍മെന്റിനൊപ്പം അനുവദിക്കാമെന്നുമാണ് കമ്പനി വാഗ്ദാനം. 2016 മെയ് 13ന് വരെ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരുമായി കരാറുണ്ടെന്നും അതുവരെ തങ്ങളെ നിലനിര്‍ത്തണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. അല്ലെങ്കില്‍ മറ്റാനുകൂല്യങ്ങള്‍ക്ക് പുറമെ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.




Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.