Latest News

സേവനാവകാശ ബോധവത്ക്കരണം സംഘടിപ്പിച്ചു

വെളളരിക്കുണ്ട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെളളരിക്കുണ്ട് വ്യാപാര ഭവനില്‍ സേവനവാകാശ ബോധവത്ക്കരണക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു.

വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ വര്‍ക്കി, ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് മേരിക്കുട്ടി ജെയിംസ്, കളളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീലാമ്മ ജോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമാമ ചാക്കോ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാസുകുമാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍ എ. ഷിജു സേവനാവകാശ നിയമത്തെക്കുറിച്ചു ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി രവി കോഹിനൂര്‍ നന്ദിയും പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നിയമമായതോടെ എല്ലാ ഉദ്യോഗസ്ഥരും നിയമം അനുശാസിക്കുന്നതനുസരിച്ച് നിശ്ചിത പരിധിക്കുളളില്‍ തന്നെ ആവശ്യപ്പെടുന്നവര്‍ക്ക് സേവനം ലഭ്യമാക്കണം. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ പിഴയടക്കേണ്ടി വരും. നിലവില്‍ 50ഓളം വിവിധ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളും അതിന്റെ സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. 

സേവനത്തിനുവേണ്ടി ഒരു ഓഫീസില്‍ ഒരു വ്യക്തി അപേക്ഷ സമര്‍പ്പിച്ചാല്‍ സേവന ലഭ്യമാക്കുകയോ അല്ലെങ്കില്‍ വ്യക്തമായ കാരണം സഹിതം നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷ നിരസിക്കുകയോ വേണം. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. സേവനം ലഭ്യാമാക്കാന്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ കാലതാമസം വരുത്തിയാല്‍ താമസം വരുത്തിയ ഓരോ ദിവസത്തിനും 250 രൂപ വീതം അധിക പിഴ ചുമത്താന്‍ അധികാരമുണ്ട്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.