Latest News

മനോജിന്റെ മരണം: സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

പള്ളിക്കര: രണ്ടു വര്‍ഷം മുമ്പ് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഡിവൈഎഫ് ഐ പള്ളിക്കര കീക്കാന്‍ യൂണിറ്റ് പ്രസിഡണ്ട് ആലിങ്കാലില്‍ ടി മനോജ്(24) മരണപ്പെട്ട സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും കേസിന്റെ അന്വേഷണം സി ബി ഐ ക്ക് വിടണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

സി പി എം പ്രവര്‍ത്തകനായ ശിവപ്രസാദ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. മനോജിന്റെ മരണം ഹൃദയസ്തംഭനം മൂലം സംഭവിച്ചതാണെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.

2012 ആഗസ്റ്റ് 2 ന് ഉച്ചയോടെയാണ് മനോജ് മരണപ്പെട്ടത്. എം എസ് എഫ് പ്രവര്‍ത്തകനായ തളിപ്പറമ്പിലെ ഷുക്കൂറിനെ കൊലപ്പടുത്തിയ കേസില്‍ ഗൂഡാലോചന കുറ്റത്തിന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് മനോജ് മരണപ്പെട്ടത്.

ജയരാജനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഉദുമയിലെ തച്ചങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് മനോജിന്റെ മരണം സംഭവിച്ചത്.

മനോജിന്റെ മരണം കൊലപാതകമാണെന്ന് ഡി വൈ എഫ് ഐ നേതൃത്വം ആരോപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായത്.

മനോജിന്റെ മരണം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നടത്തിയ സമര പരിപാടികളുടെ ഫലമായി ഈ കേസില്‍ പ്രത്യേക പോലീസ് സംഘം തുടര്‍ അന്വേഷണം നടത്തിയെങ്കിലും മനോജിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ കേസ് എഴുതി തള്ളണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതോടെയാണ് മനോജിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. അന്നത്തെ കാഞ്ഞങ്ങാട് എ എസ് പി എച്ച് മഞ്ചുനാഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് മനോജിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയത്.

ഹര്‍ത്താല്‍ അനുകൂല പ്രകടനം നടത്തി തിരിച്ചു വരവേ മനോജ് ഉള്‍പ്പെട്ട സംഘത്തിന് നേരെ ബൈക്കിലെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ലീഗാകട്ടെ പൂര്‍ണമായും ഇത് നിഷേധിച്ചിരുന്നു. മനോജിന്റെ മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പള്ളിക്കര കീക്കാനത്തെ ആലിങ്കാലില്‍ പരേതനായ രാഘവന്റെയും നാരായണിയുടെയും ആറ് മക്കളില്‍ ഇളയവനാണ് മരണപ്പെട്ട മനോജ്. കാസര്‍കോട് വിദ്യാനഗറിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മനോജ്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.