Latest News

വിദ്യാര്‍ഥികളെകൊണ്ട് ബാത്റൂം കഴുകിച്ച ഹെഡ്മിസ്ട്രസിനെ സസ്പെന്‍ഡ് ചെയ്തു

മണ്ണഞ്ചേരി: യൂനിഫോം ധരിക്കാത്തതിന് വിദ്യാര്‍ഥികളെക്കൊണ്ട് ബാത്റൂം കഴുകിച്ച പ്രധാനാധ്യാപിക ഹെലനിയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ചേര്‍ത്തല വിദ്യാഭ്യാസ ഓഫിസര്‍ ഫിലിപ്പോസ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ് ആണ് തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലെ ഹെഡ്മിസ്ട്രസായ ഇവരെ സസ്പെന്‍ഡ് ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കിടയായ സംഭവം ഉണ്ടായത്. നേതാജി തെക്കേവെളി മീരാന്‍ എന്ന രക്ഷിതാവാണ് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.
മൂന്നാംക്ളാസ് മുതല്‍ ഏഴാംക്ളാസ് വരെയുള്ള ഇരുപതില്‍പരം കുട്ടികളെ യൂനിഫോം ധരിക്കാത്തതിന്‍െറ പേരില്‍ ശിക്ഷാനടപടിയായി ബാത്റൂം കഴുകിക്കുകയായിരുന്നു. എന്നാല്‍, ശുചിത്വമിഷന്‍െറ ഭാഗമായി കുട്ടികളും അധ്യാപകരും ചേര്‍ന്ന് ബാത്റൂം കഴുകുകയായിരുന്നു എന്നാണ് അധ്യാപികയുടെ വിശദീകരണം. 

അധ്യാപികക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷമീര്‍ നരിക്കാട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രി വിദ്യാഭ്യാസ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
പ്രധാനാധ്യാപിക ഹെലനിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്‍െറ നേതൃത്വത്തില്‍ പ്രകടനം നടത്തി. നേതാക്കളായ ഷമീര്‍ നരിക്കാട്, അബ്ദുല്ല വാഴയില്‍, നൗഫല്‍, മുഹമ്മദ് ആശാന്‍, തന്‍സില്‍ നേതാജി, അഫ്സല്‍ കെ. വേലി, പി.എ. മുഹമ്മദ് നസീര്‍, ഇസ്മായില്‍, നവാസ് മുളക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.