Latest News

10 വര്‍ഷം മുന്‍പു കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം:പരോളിലിറങ്ങി കാണാതായയാളുടേതെന്നു സംശയം

പിറവം: ആരക്കുന്നം മില്ലുംപടിയില്‍ പത്തുവര്‍ഷം മുന്‍പു കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പരോളിലിറങ്ങി കാണാതായയാളുടേതെന്നു സംശയമുയര്‍ന്നതോടെ ഇതു സംബന്ധിച്ച അന്വേഷണത്തിനു വീണ്ടും ജീവന്‍ വയ്ക്കുന്നു.

തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നതിനിടെയാണു നിര്‍ണായക സൂചന ലഭിച്ചത്. തലയറുത്ത് മാറ്റിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ചാക്കിലാക്കിയ മൃതദേഹം കത്തുന്ന നിലയില്‍ കണ്ടെത്തിയത് 2004 ജനുവരി 11നു പുലര്‍ച്ചെയാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇതേ കാലഘട്ടത്തില്‍ പരോളിലിറങ്ങിയ എറണാകുളം സ്വദേശിയെ കാണാതായതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് രണ്ടും ഒരാള്‍ തന്നെയാണോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ടായത്. മൃതദേഹത്തിന്റെ രേഖാചിത്രവും മറ്റു വിവരണങ്ങളും സഹിതം ക്രൈംബ്രാഞ്ച് പരസ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഈ സൂചന ലഭിച്ചത്. പരോളിലിറങ്ങിയതിനു ശേഷം തിരിച്ചെത്താത്ത ആളുടെ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. ജയിലില്‍ എത്തുന്ന സമയത്ത് ഇയാള്‍ കോഴിക്കോടായിരുന്നു താമസം. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു.

ആരക്കുന്നത്തെ വിവാഹ വീട്ടില്‍ സല്‍ക്കാരം കഴിഞ്ഞു പുലര്‍ച്ചെ ഒരുമണിയോടെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജു എന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. റോഡരികില്‍ തീ കത്തുന്നതു കെടുത്താന്‍ ശ്രമിച്ചപ്പോഴാണ് കയ്യാലയില്‍ ചാരിക്കിടത്തിയ നിലയില്‍ മൃതദേഹം ശ്രദ്ധയില്‍ പെട്ടത്. മുളന്തുരുത്തി പൊലീസ് നടത്തിയ പരിശോധനയില്‍ തലയ്ക്കു പുറമേ, ഇടതുകാലും കൈപ്പത്തിയും വെട്ടിമാറ്റിയതായി സ്ഥിരീകരിച്ചു. മറ്റെവിടെയോ വച്ചു കൊലപ്പെടുത്തിയതിനു ശേഷം തല മുറിച്ചുമാറ്റി ചാക്കിലാക്കി കൊണ്ടുവരികയായിരുന്നുവെന്നാണു സംശയം. മാസങ്ങള്‍ക്കു ശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

കൊല്ലപ്പെട്ടയാള്‍ നാല്‍പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളയാളാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിരുന്നു. തടിച്ച ശരീര പ്രകൃതിയുണ്ടായിരുന്ന ആള്‍ക്ക് ഇരുനിറമായിരുന്നു. പുറത്തും കാലിലും നിറയെ രോമങ്ങളും ഉണ്ടായിരുന്നു. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലായിരുന്നു. തലയ്ക്ക് അടിച്ചോ കഴുത്ത് ഞെരിച്ചോ കൊല നടത്തിയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടിയുടെ മുന്നോടിയായാണു പത്രപ്പരസ്യം നല്‍കിയത്.

ജയില്‍പ്പുള്ളിയുടെ മൃതദേഹമാണെന്ന സംശയമുണ്ടായതോടെ, ഇയാളുടെ മകളുടെയും സഹോദരിയുടെയും രക്തസാംപിളുകള്‍ മൃതദേഹത്തിന്റെ ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കിയെങ്കിലും തെളിവ് ലഭിച്ചില്ല. സഹോദരന്‍മാരുടെ രക്തസാംപിള്‍ കൂടി പരിശോധിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. നാലു സഹോദരന്‍മാരില്‍ രണ്ടു പേര്‍ മരിച്ചു. മറ്റുള്ളവരില്‍ ഒരാള്‍ അമേരിക്കയിലും രണ്ടാമത്തെയാള്‍ ഗള്‍ഫിലുമാണ്. 

പരിശോധനയ്ക്ക് എത്തണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല. ഇവര്‍ വിമുഖത പ്രകടിപ്പിക്കുന്നത് സംശയം ബലപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇവരെ എത്തിക്കുന്നതിന് നിയമ നടപടികളിലേക്ക് നീങ്ങുകയാണ് അന്വേഷണസംഘം.



Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.