Latest News

ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടു പോകല്‍: ഒരാള്‍കൂടി പിടിയില്‍

കോട്ടയം: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശിയായ ഒരാളെക്കൂടി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടി. 

കാസര്‍കോട് എകെജി നഗര്‍ സീതാറാം കോളനിയില്‍ വീട്ടു നമ്പര്‍ 189ല്‍ ഫൈസലിനെ (ടയര്‍ ഫൈസല്‍-25) ആണു വെസ്റ്റ് സിഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ആദ്യം തട്ടിയെടുത്ത അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് ഇവര്‍ വാങ്ങിയ കാറും പിക്കപ്പ് ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 29ന് ആണു നഗരത്തിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കാസര്‍കോട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കേസിലെ പ്രതികളായ മുഹമ്മദ് അഷറഫ് (കൊച്ചി അഷറഫ്-30), ചെറുവാട് കടപ്പുറം ഫിഷറീസ് കോളനിയില്‍ ഹസനാര്‍ (കരാട്ടെ ഹസനാര്‍-47), എറണാകുളം ഫോര്‍ട്ട് കൊച്ചി പുളിക്കല്‍ ഗോഡ്‌സണ്‍ (യേശുദാസ് ലാസര്‍-32), കുമ്പള ഉളുവാര്‍ ദേശം കൊടുവ വീട്ടില്‍ കെ.വി. അബ്ദുല്‍ ഖാദര്‍ (35) എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.

കണ്ണൂരിലെ ഒളിത്താവളത്തില്‍ ഫൈസല്‍ എത്തിയതായി കഴിഞ്ഞദിവസം ഡിവൈഎസ്പി വി. അജിത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നു വെസ്റ്റ് എസ്‌ഐ ടി.ആര്‍. ജിജു, ഗ്രേഡ് എസ്‌ഐ ഇ.പി. രാജു, എഎസ്‌ഐ ശ്രീരംഗന്‍, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്‌ഐ ഡി.സി. വര്‍ഗീസ്, സിപിഒമാരായ ഐ. സജികുമാര്‍, പി.എന്‍. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കണ്ണൂരിലെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

പല കേസുകളില്‍ പ്രതിയായ നിസാറിന്റെ വിശ്വസ്തനാണ് ശനിയാഴ്ച പിടിയിലായ ഫൈസലെന്നു പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും തട്ടിക്കൊണ്ടുപോകലും ആസൂത്രണം ചെയ്തിരുന്നതു നിസാറും ഫൈസലും ചേര്‍ന്നായിരുന്നു.
തട്ടിക്കൊണ്ടുപോകുന്ന ആളുകളെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ആളൊഴിഞ്ഞ വീട്ടിലാണു താമസിപ്പിച്ചിരുന്നത്. മംഗലാപരുത്തെ ക്വട്ടേഷന്‍ സംഘത്തലവനായ ബാജി കെ. അസീസിന്റെ വീടാണ് ഇതെന്നും പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകുന്ന ആളുകളെ വനമേഖലയിലൂടെ കിലോമീറ്ററുകളോളം നടത്തിയാണ് ഇവിടെ എത്തിക്കുന്നത്.



Keywords: Kerala, Kottayam, Kasaragod, Kerala, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.