Latest News

കതിരൂര്‍ മനോജ് വധം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ ഇളന്തോടത്ത് കെ.മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മാലൂര്‍ കുണ്ടേരിപ്പൊയില്‍ സ്വദേശിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ തരിപ്പ പ്രഭാകരനെ (38) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മനോജിനെ വെട്ടിയവരില്‍ ഒരാള്‍ പ്രഭാകരനാണെന്നു പൊലീസ് അറിയിച്ചു. 

അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രധാന പ്രതി വിക്രമനെ, ടി.പി.വധ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം തലശ്ശേരിയിലെത്തി ചോദ്യം ചെയ്തു.

മറ്റു ചില കേസുകളിലും പ്രതിയാണ് അറസ്റ്റിലായ പ്രഭാകരന്‍. ഇയാള്‍ക്കൊപ്പം മറ്റൊരു മാലൂര്‍ സ്വദേശി കൂടി ഉണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവസ്ഥലത്തു നിന്നു പ്രഭാകരനും ഇയാളും രക്ഷപ്പെട്ട ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിക്രമന്റെ മൊഴിയില്‍ നിന്നാണ് പ്രഭാകരനെ പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്. പ്രധാന പ്രതി വിക്രമന്‍, വിക്രമനെ രക്ഷപ്പെടാന്‍ ശ്രമിച്ച സി.പ്രകാശന്‍ എന്നിവര്‍ക്കു പിറകെ കേസില്‍ പിടിയിലാകുന്ന മൂന്നാമത്തെയാളാണു പ്രഭാകരന്‍. വിക്രമനാണു തന്നെ സംഘത്തിലേക്കു ക്ഷണിച്ചതെന്നു പ്രഭാകരന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രഭാകരന്റെ പ്രേരണയിലാണ് മാലൂര്‍ സ്വദേശിയായ രണ്ടാമത്തെയാള്‍ സംഘത്തിലെത്തിയത്.

ടി.പി. വധ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന, എസ്പി വി.കെ.അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചില ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് വിക്രമനെ ചോദ്യം ചെയ്തത്. ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ടി.കെ.രജീഷ്, കിര്‍മാണി മനോജ് തുടങ്ങിയവര്‍ ടി.പി. കൊല്ലപ്പെടുന്നതിനു മുന്‍പ് വിക്രമനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 

ടി.കെ.രജീഷ് 28 തവണയും കിര്‍മാണി മനോജ് പത്തു തവണയും വിക്രമനെ വിളിച്ചതായാണു രേഖകള്‍. ടി.പി. വധത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലയിലെ ഒരു ഉന്നത സിപിഎം നേതാവ് വിക്രമനെ പലതവണ വിളിച്ചിരുന്നതായും ഫോണ്‍ രേഖകളുണ്ട്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് വിക്രമന്‍ ഒഴിഞ്ഞുമാറുകയാണു ചെയ്തത്.

അതേസമയം, കേസില്‍ റിമാന്‍ഡില്‍ സി.പ്രകാശനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തിങ്കളാഴ്ച പൊലീസ് ഹരജി നല്‍കും. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വിക്രമനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ഹര്‍ജിയില്‍ കോടതി ശനിയാഴ്ച വിധി പറയും.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.