Latest News

ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായ രാജ്യത്ത് ചായക്കച്ചവടക്കാരന് ആറുകോടിയുടെ ഓണം ബമ്പര്‍

ബാംഗ്ലൂര്‍: ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായ രാജ്യത്ത് ചായക്കച്ചവടക്കാരന് ആറുകോടിയുടെ ഓണം ബമ്പര്‍. കേരള അതിര്‍ത്തി കടന്ന് ഓണം ബമ്പറിന്റെ ഭാഗ്യം തേടിയെത്തിയത് ബാംഗ്ലൂരിലെ മലയാളി ചായക്കച്ചവടക്കാരനായ ഹരികുമാറിനാണ്.

നാട്ടിലെത്തുമ്പോഴെല്ലാം ലോട്ടറി എടുക്കാറുണ്ടെങ്കിലും ഭാഗ്യദേവത കടാക്ഷിക്കുന്നത് ആദ്യമായാണ്. ഇതിലുള്ള സന്തോഷവും ഹരികുമാര്‍ മറയ്ക്കുന്നില്ല. ബാംഗ്ലൂരിലും നാട്ടിലും സ്വന്തമായി സ്ഥലവും വീടും വെക്കണം. ഇതോടൊപ്പം മാരകരോഗങ്ങള്‍ ബാധിച്ച് ജീവിതം വഴിമുട്ടിയവരെ സഹായിക്കണം' -ഹരികുമാര്‍ പറഞ്ഞു.

തിരുവല്ല വെണ്ണികുളം സ്വദേശിയായ പി.ജെ.ഹരികുമാര്‍ 22 വര്‍ഷമായി പീനിയയിലെ തികളറ പാളയയില്‍ ചായക്കച്ചവടം നടത്തുകയാണ്. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ഭാര്യയും രണ്ട് കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനം. കോടീശ്വരനായിട്ടും കച്ചവടം ഒഴിവാക്കാന്‍ തയ്യാറല്ലെന്ന് ഹരികുമാര്‍ പറയുന്നു. ഹരികുമാറിന് എട്ട് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ജ്ഞാനേശ്വരന്‍ നായര്‍ മരിക്കുന്നത്. ജ്ഞാനേശ്വരന്റെ മരണത്തിനുശേഷം ഏറെ ബുദ്ധിമുട്ടിയാണ് മക്കളെ വളര്‍ത്തിയതെന്ന് അമ്മ ഓമന പറയുന്നു. നാട്ടില്‍നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയായതിന്‌ശേഷം ഹരികുമാറും ചായക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.

ബാംഗ്ലൂര്‍ പീനിയ വ്യവസായമേഖലയിലെ ഫാക്ടറികളില്‍ പതിവുപോലെ ചായവില്പന നടത്തുന്നതിനിടെയാണ് തിരുവല്ല വെണ്ണികുളം സ്വദേശി ഹരികുമാര്‍ കോടീശ്വരനായത്. മൊബൈല്‍ ഫോണില്‍ ലോട്ടറിവകുപ്പിന്റെ സൈറ്റ് നോക്കിയപ്പോള്‍ ഇത് ഉറപ്പിച്ചു. വൈകിട്ട് ആറുമണിവരെ ചായവില്പന നടത്തിയശേഷം വീട്ടിലെത്തുമ്പോള്‍ ഹരികുമാറിന്റെ മുഖത്ത് ഞെട്ടലൊന്നുമില്ല. ഭാര്യ അമ്പിളിയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിലും അമിത ആഹ്ലാദമൊന്നുമില്ല. വലിയ തുകയാണ് കൈയിലെത്തിയതെങ്കിലും ചായക്കച്ചവടം തുടരും. ഭാര്യ കമ്പനിയിലെ ചെറിയ പണിയും ഉപേക്ഷിക്കില്ല-ഹരി പറഞ്ഞു.

22 വര്‍ഷംമുമ്പ് അച്ഛന്‍ തുടങ്ങിവെച്ച ചെറിയൊരു ചായക്കടയിലൂടെ മുണ്ടുമുറുക്കിയുടുത്താണ് ഈ കുടുംബം വീട് തട്ടിക്കൂട്ടിയത്. കര്‍ക്കടകബലിയിടാന്‍ തിരുവനന്തപുരം തിരുവല്ലത്തേക്കുള്ള യാത്രയ്ക്കിടെ എടുത്ത മൂന്ന് ഓണംബമ്പറില്‍ ഒന്ന് ഭാഗ്യമായത് അച്ഛന്റെ അനുഗ്രഹമാണെന്ന് വിശ്വസിക്കാനാണ് ഈ കുടുംബത്തിന് ഇഷ്ടം. പാലക്കാട്ടുനിന്ന് ഒരു ഓണം ബമ്പറും കാരുണ്യയും ചങ്ങനാശ്ശേരിയില്‍നിന്ന് ഓണം ബമ്പറടക്കം രണ്ട് ടിക്കറ്റും എടുത്തു. തുടര്‍ന്നാണ് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് തിരിച്ചത്.

നഗരത്തിലെ മലയാളികള്‍ക്ക് ഇതിന് മുമ്പും കേരളത്തിന്‍റെ ലോട്ടറിയിലൂടെ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ബമ്പര്‍ ഭാഗ്യം നഗരത്തിലെത്തുന്നത്. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന് ഭാര്യ അമ്പിളി ഒരിക്കലും എതിരു പറയാറുണ്ടായിരുന്നില്ല. ഏഴുവയസ്സുള്ള അഖിലും നാലുവയസ്സുള്ള അനുശ്രീയും അച്ഛന്‍ കോടീശ്വരനായതറിയാതെ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കുകയാണ്. ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പെട്ടതിന് ദൈവംതന്ന സമ്മാനമാണ് ലോട്ടറിയിലൂടെ ഹരികുമാറിന് ലഭിച്ചതെന്നാണ് അമ്മ ഓമന പറഞ്ഞു.



Keywords: National News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.