Latest News

ബി.എസ്.എന്‍.എല്ലിന് ഊര്‍ജിത കുടിശിക പിരിവ് കാലം, ലാന്‍ഡ് ഫോണ്‍ വരിക്കാര്‍ക്ക് ദുരിതകാലം

കാസര്‍കോട്: ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ വരിക്കാര്‍ക്ക് ദുരിതകാലം. വരിക്കാരുടെ പരാതികള്‍ ഒഴിയുന്നില്ല. കേടായ ഫോണുകള്‍ക്കു പകരം പഴയ ഫോണുകളാണ് കിട്ടുന്നത്. അത് ആഴ്ചകള്‍ക്കകം പഴയപടിയാകുന്നു. മുറിഞ്ഞ കേബിളുകള്‍ കൂട്ടിക്കെട്ടിയാണ് വിച്‌ഛേദിക്കപ്പെട്ട ഫോണ്‍ ബന്ധം പുനഃസ്ഥാപിക്കുന്നത്. 

മാസത്തില്‍ രണ്ടും മൂന്നും തവണ ഫോണ്‍ബന്ധം മുറിയുന്നു. തുടര്‍ച്ചയായ പരാതികള്‍ പറഞ്ഞു വരിക്കാരും പരാതികള്‍ ശാശ്വതമായി പരിഹരിക്കാനാവാതെ ജീവനക്കാരും മടുക്കുന്നു. പരാതികളുടെ ആവര്‍ത്തനത്തില്‍ ജീവനക്കാരും വരിക്കാരും തമ്മില്‍ കലഹം വരെ ഉണ്ടാകുന്നു. ആവശ്യമായ ജീവനക്കാരും സാമഗ്രികളുമില്ലെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ക്കു പറയാനുള്ളത്.

വരിക്കാര്‍ സ്വന്തം ചെലവില്‍ തന്നെ ഫോണ്‍ വയ്‌ക്കേണ്ടി വരുന്നു. ഇന്റര്‍നെറ്റ് മോഡവും സ്വന്തം ചെലവില്‍ വയ്ക്കണം. ഫോണ്‍ ബില്ലുകള്‍ മുറ തെറ്റാതെ എത്തുമ്പോഴും പരാതികള്‍ക്കു ശാശ്വതപരിഹാരമുണ്ടാകുന്നില്ല. ചിലര്‍ ബില്‍ കണ്ടു ഞെട്ടുന്നു. 

ഊര്‍ജിത കുടിശിക പിരിവ് അദാലത്തുകള്‍ നടത്തുമ്പോഴും ലാന്‍ഡ് ഫോണുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ നടപടികള്‍ ഉണ്ടാകുന്നില്ല. ഫൈവ് പെയര്‍ വയര്‍, ഡ്രോപ്‌വയര്‍ തുടങ്ങിയവ ഇല്ലാതെ എങ്ങനെ പണിയെടുക്കുമെന്നതാണ് ജീവനക്കാരുടെ ചോദ്യം. മണ്ണുമാന്തിയാണ് തങ്ങളുടെ ശത്രുവെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നു. റോഡുകള്‍ ഉള്‍പ്പെടെ കിളയ്ക്കുമ്പോള്‍ ബിഎസ്എന്‍എല്‍ കേബിളുകള്‍ ഉള്‍പ്പെടെയാണ് മുറിയുന്നത്. ഇതുമൂലം
വരിക്കാരും കഷ്ടത്തിലാകുന്നു.

മുറിഞ്ഞ കേബിളുകള്‍ കണ്ടെത്താനും പുനഃസ്ഥാപിക്കാനുമാകാതെ അധികൃതര്‍ നട്ടംതിരിയുന്നു. അവസാനമില്ലാത്ത പരാതികള്‍ക്കിടയിലും ലാന്‍ഡ് ഫോണ്‍ നിലനിര്‍ത്തണമെന്ന ആഗ്രഹത്തിലാണ് വരിക്കാര്‍ ദുരിതം സഹിക്കുന്നത്. എന്നാല്‍ ശരാശരി വരുമാനക്കാര്‍ക്കു ഫോണ്‍ വാടകയും മിനിമം നിരക്കും താങ്ങാനാകുന്നില്ല. ഇടയ്ക്കിടെ പ്രവര്‍ത്തന രഹിതമാകുന്ന ലാന്‍ഡ് ഫോണിനു പകരം ഫോണ്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ബാധ്യതയും ഇവര്‍ വഹിക്കണം. 

മഴക്കാലത്താണ് ലാന്‍ഡ് ഫോണ്‍ വരിക്കാര്‍ ഏറെ ദുരിതമനുഭവിക്കുന്നത്. തങ്ങളുടെ പരാതികള്‍ അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് ലാന്‍ഡ് ഫോണ്‍ വരിക്കാരുടെ പരിഭവം.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.