Latest News

ചെറുവാഞ്ചേരിയില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ബോംബേറ്

പാനൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം തുടരുന്നു. ചെറുവാഞ്ചേരിയില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ബിജെപി പാട്യം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍.വി. ശശിധരന്റെ ചെറുവാഞ്ചേരി പൂവത്തൂര്‍ പാലത്തിനു സമീപമുള്ള വീടിനുനേരെയാണ് ബോംബെറിഞ്ഞത്. 

പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ബോംബേറില്‍ ശശിധരന്റെ മകള്‍ ശിശിരയുടെ (18) കേള്‍വിശക്തി നഷ്ടപ്പെട്ടു. തിങ്കളാഴ്ച സിപിഎം ചെറുവാഞ്ചേരി ലോക്കല്‍ സിക്രട്ടറിക്ക് മര്‍ദനമേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബിജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായതെന്നാണ് പോലീസ് നിഗമനം.
ബൈക്കുകളില്‍ എത്തിയ അക്രമി സംഘമാണ് വീടിനു നേരേ രണ്ട് ബോംബുകളെറിഞ്ഞത്. ബോംബേറില്‍ കിണറിന്റെ ആള്‍മറ തകര്‍ന്നു. സ്‌ഫോടനത്തില്‍ ഇടതുചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ട ശിശിരയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്ത് ബോംബിന്റെ ചീളുകള്‍ തറച്ചുകയറിട്ടുണ്ട്. കണ്ണവം പോലീസ് കേസെടുത്തു. സംഭവത്തില്‍ ബിജെപി പാട്യം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സിപിഎം ചെറുവാഞ്ചേരി ലോക്കല്‍ സിക്രട്ടറി കുറ്റിച്ചി പ്രേമന് മര്‍ദനമേറ്റത്. പാട്യം ദിനാചരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചോറുവാഞ്ചേരിയില്‍ തൂക്കിയ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ബിജെപി പ്രവര്‍ത്തകരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ പ്രേമനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് തലശ്ശേരി ആശുപത്രിയിലും കൊണ്ടുപോയി. 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 46 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിച്ചു വരികയാണ്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.