Latest News

ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നത് കുറ്റകരം: മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനത്തിന്റെ ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നതു കുറ്റകരമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. വര്‍ഷംതോറും ലൈസന്‍സ് പുതുക്കണം. ലൈസന്‍സ് ഇല്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷന്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ ഉത്തരവില്‍ പറഞ്ഞു. നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം ലൈസന്‍സിക്കായിരിക്കണം.

തെരുവു നായ്ക്കളുടെ ശല്യം നിയന്ത്രണാതീതമായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചു ഫയല്‍ ചെയ്ത 25 പരാതികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
നായ്ക്കള്‍ക്കു പ്രായമാകുമ്പോഴും രോഗം വരുമ്പോഴും അവയെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇങ്ങനെയുള്ള നായ്ക്കള്‍ ചത്തുപോകുമ്പോള്‍ കുഴിച്ചിടാനുള്ള ഉത്തരവാദിത്തം നഗരസഭയ്ക്കാണ്.

മൃഗങ്ങളുടെ ജനന നിയന്ത്രണ (എബിസി പ്രോഗ്രാം) പദ്ധതി അനുസരിച്ചു തെരുവു നായ്ക്കളെ വന്ധ്യകരണം ചെയ്യുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനുമുള്ള നടപടികള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും അനുവദിക്കണം. ഇതിനുവേണ്ടി മൊബൈല്‍ യൂണിറ്റുകള്‍ക്കും രൂപം നല്‍കണം. തെരുവുനായ്ക്കളുടെ ഉപദ്രവത്തിനിരയാവുന്നവര്‍ക്കു ചികില്‍സാ ചെലവും നഷ്ടപരിഹാരവും തദ്ദേശഭരണ സ്ഥാപനം നല്‍കണം.

റയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്നുണ്ടാകുന്ന തെരുവുനായ്ക്കളുടെ ഉപദ്രവങ്ങള്‍ക്കു റയില്‍വേ ചികില്‍സാ ചെലവും നഷ്ടപരിഹാരവും നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.



Keywords:  Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.