Latest News

'ദൈവകണം' പ്രപഞ്ചത്തെ ഉന്മൂലനം ചെയ്‌തേക്കാമെന്ന് സ്റ്റീഫന്‍ ഹോക്കിങ്

2012 ല്‍ കണ്ടുപിടിക്കപ്പെട്ട ഹിഗ്ഗ്‌സ് ബോസോണിന് പ്രപഞ്ചത്തെ ഉന്‍മൂലനം ചെയ്യാന്‍ ശേഷിയുണ്ടെന്ന് മുന്നറിയിപ്പ്.

'ദൈവകണ'മെന്ന് അപരനാമമുള്ള ഈ മൗലിക കണങ്ങളെ അത്യുന്നത ഊര്‍ജനിലയിലേക്കെത്തിച്ചാല്‍, പ്രപഞ്ചം അപ്പാടെ ഉന്‍മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങാണ് മുന്നറിയിപ്പ് നല്‍കിയത്.

അസാധാരണമായ ഉന്നത ഊര്‍ജനിലയിലേക്ക് ഉയര്‍ത്തിയാല്‍ 'വാക്വം ഡീക്കേ' ( vacuum decay ) എന്ന വിനാശകാരിയായ പ്രതിഭാസത്തിന് ഹിഗ്ഗ്‌സ് ബോസോണ്‍ തിരികൊളുത്തിയേക്കാമെന്ന്, കേംബ്രിഡ്ജിലെ മുന്‍ ലൂക്കാസിയന്‍ പ്രൊഫസറായ ഹോക്കിങ് ചൂണ്ടിക്കാട്ടി.

'പ്രകാശവേഗത്തില്‍ വികസിക്കുന്ന ശൂന്യസ്ഥലം (വാക്വം) ആണ് വാക്വം ഡീക്കേ വഴി സൃഷ്ടിക്കപ്പെടുക. പ്രപഞ്ചം ക്ഷണനേരംകൊണ്ട് ഉന്‍മൂലനം ചെയ്യപ്പെടാന്‍ ഇതിടയാക്കും. 'അത് വരുന്നത് നമ്മള്‍ അറിയുകയേ ഇല്ല'- ഹോക്കിങ് പറയുന്നു.

എന്നാല്‍, ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടുപിടിക്കപ്പെട്ട ഉപകരണമായ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ( LHC ) സാധ്യമായ ഊര്‍ജനില ഒരു അപകടവും വരുത്തില്ലെന്നും ഹോക്കങ് പറയുന്നു.

ഊര്‍ജനില 10,000 കോടി ഗിഗാ ഇലക്ട്രോണ്‍വോള്‍ട്ട് ( GeV ) സാധ്യമായ ഒരു കണികാത്വരകത്തില്‍ ( particle accelerator ) മാത്രമേ 'വാക്വം ഡീക്കേ' പോലുള്ള പ്രതിഭാസം പ്രതീക്ഷിക്കാനാകൂ. അതിന് ഭൂമിയെക്കാള്‍ വലിയ കണികാത്വരകം വേണ്ടിവരും.

'നിലവിലെ സാമ്പത്തിക പരിസ്ഥിതിയില്‍ അത്തരമൊന്നുണ്ടാവാന്‍ സാധ്യമില്ലല്ലോ' - ഹോക്കിങ് ചൂണ്ടിക്കാട്ടുന്നു.


അതേസമയം, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ( CERN ) ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ചുറ്റളവ് വെറും 27 കിലോമീറ്റര്‍ മാത്രമാണ്. ഹോക്കിങ് ഭയപ്പെടുന്ന സ്ഥതിവിശേഷം ഒരു കാരണവശാലും ജനീവയിലെ കണികാപരീക്ഷണത്തില്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അടുത്ത മാസം പുറത്തുവരാന്‍ പോകുന്ന 'സ്റ്റാര്‍മസ്' ( Starmus ) എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിലാണ്, ഹിഗ്ഗ്‌സ് ബോസോണിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ഹോക്കിങ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകപ്രശസ്ത കണികാശാസ്ത്രജ്ഞരുടെയും കോസ്‌മോളജിസ്റ്റുകളുടെയും പ്രഭാഷണങ്ങളുടെ സമാഹാരമാണ് ആ ഗ്രന്ഥം.

ഹിഗ്ഗ്‌സ് ബോസോണ്‍ എന്നാല്‍
പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ' അനുസരിച്ച്, സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം അഥവാ പിണ്ഡം ലഭിക്കുന്നത് 'ഹിഗ്ഗ്‌സ് സംവിധാനം' ( Higgs mechanism ) അനുസരിച്ചാണ്.

ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്.

പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനം സംഭവിച്ച ആദ്യസെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചം പ്രകാശവേഗത്തില്‍ പായുന്ന വ്യത്യസ്തകണങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഒന്നിനും ദ്രവ്യമാനം ഉണ്ടായിരുന്നില്ല. ഹിഗ്ഗ്‌സ് മണ്ഡലവുമായി ആ കണങ്ങള്‍ ഇടപഴകിയതോടെയാണ് അവയ്ക്ക് ദ്രവ്യമാനം ഉണ്ടായത്

ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ ദ്രവ്യമാനമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും ദ്രവ്യമാനം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് ദ്രവ്യമാനമില്ല. അവ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നു.


ഹിഗ്ഗ്‌സ് സംവിധാനം വിശദീകരിക്കുന്ന സിദ്ധാന്തത്തില്‍ ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടംകണത്തിന് പറയുന്ന പേരാണ് 'ഹിഗ്ഗ്‌സ് ബോസോണ്‍' ( Higgs boson ).

1964 ലാണ് ഹിഗ്ഗ്‌സ് സംവിധാനം ആവിഷ്‌ക്കരിക്കപ്പെടുന്നത്. ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളിലായി സമാന ആശയങ്ങളായി അത് അവതരിപ്പിച്ചു.

ഫ്രാന്‍സ്വാ ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പിന്റേതായിരുന്നു മൂന്നാമത്തെ പ്രബന്ധം.

ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ് അറിയപ്പെട്ടത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ മറ്റെല്ലാ കണങ്ങളെക്കുറിച്ചും സ്ഥിരീകരണം ലഭിച്ചെങ്കിലും, ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിന് 2012 വരെ കഴിഞ്ഞിരുന്നില്ല.

2012 ജൂലായില്‍ ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടെത്തിയതായി സേണ്‍ പ്രഖ്യാപിച്ചു. അതെ തുടര്‍ന്ന്, ആ സിദ്ധാന്തം ആവിഷ്‌ക്കരിച്ചതിനും ഹിഗ്ഗ്‌സ് ബോസോണ്‍ പ്രവചിച്ചതിനും ഫ്രാന്‍സ്വാ ഇന്‍ഗ്ലെര്‍ട്ട്, പീറ്റര്‍ ഹിഗ്ഗ്‌സ് എന്നിവര്‍ക്ക് 2013 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു.

ഹിഗ്ഗ്‌സ് ബോസോണുകളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിടുന്നതാണ് ഇപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ അഭിപ്രായ പ്രകടനം 

(കടപ്പാട് : ദി സണ്‍ഡേ ടൈംസ് & മാതൃഭൂമി)


Keywords: Inter national News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.