Latest News

കനാലില്‍ നിന്നും കണ്ടെടുത്തത് കരീമിന്റെ മൃതദേഹമല്ലെന്ന് ഡിഎന്‍എ ഫലം

കോഴിക്കോട് : താമരശേരിയില്‍ മക്കള്‍ പിതാവിനെ കൊന്ന് ജഡം കനാലില്‍ തള്ളിയ കേസില്‍ പുതിയ വഴിത്തിരിവ്. കണ്ടെടുത്ത മൃതദേഹം കോരങ്ങാട്ട് എരഞ്ഞോണവീട്ടില്‍ അബ്ദുല്‍ കരീമിന്റെതല്ലെന്ന് ഡിഎന്‍എ ഫലം. തിരുവനന്തപുരത്തെ ഡിഎന്‍എ ഫോറന്‍സിക് ലാബില്‍ നിന്നുമുള്ള ഫലമാണ് പുറത്തുവന്നത്.

വിശദമായി വീണ്ടും ഹൈദരബാദിലെ ഫോറന്‍സിക് ലാബില്‍ നിന്നും പരിശോധന നടത്തും. മൈസൂരുവിലെ കനാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളിയെന്നാണ് മക്കള്‍ പൊലീസിനോട് പറഞ്ഞത്.

കരീമിനെ കാണാതായെന്ന പരാതിയില്‍ 2013 ഒക്‌ടോബര്‍ രണ്ടിനാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. പിന്നീട് ഏതാണ്ട് എട്ട് മാസത്തിന് ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലെ നഞ്ചന്‍കോടു നിന്ന് 67 കിലോമീറ്റര്‍ മാറി കബനി കനാലില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെടുക്കുകയായിരുന്നു.

കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മക്കള്‍ മിഥുലാജ് (24), ഫിര്‍ദൗസ് (22) എന്നിവര്‍ നല്‍കിയ മൊഴി പ്രകാരമാണ് ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കരീമിന്റെ ഭാര്യ മൈമൂനയെയും അറസ്റ്റ് ചെയ്തിരുന്നു.

20 വര്‍ഷത്തിലേറെ കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ കരീം ഭാര്യയും മക്കളുമായി അകല്‍ച്ചയിലായിരുന്നു. കരീമിനെ കാണാതായെന്ന പരാതിയില്‍ 2013 ഒക്‌ടോബര്‍ രണ്ടിനാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.

2013 സെപ്റ്റംബര്‍ 28ന് കരീമിനെ വീട്ടില്‍ വച്ചു മിഥുലാജും ഫിര്‍ദൗസും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ ബന്ധുവായ കൊടുവള്ളി കരീറ്റിപ്പറമ്പ് കാട്ടുപുറായില്‍ മുഹമ്മദ് ഫാഇസിനെയും (30) അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കരീമിന്റെ ഭാര്യ മൈമൂനയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.


Keywords: Kerala News, Calicut, Kareen Murder Case, DNA, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.