Latest News

കാന്തപുരത്തിന്റെ കര്‍ണാടക യാത്ര 25ന് ഗുല്‍ബര്‍ഗയില്‍ നിന്ന് തുടങ്ങും

കാസര്‍കോട്: പൊതു മണ്ഡലത്തിലെ ആര്‍ജവ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കര്‍ണാടക യാത്രക്ക് ഗുല്‍ബര്‍ഗയില്‍ ഈ മാസം 25ന് തുടക്കമാവും 18 ജില്ലകളിലൂടെ കടന്ന് പോകുന്ന യാത്ര നവംബര്‍ രണ്ടിന് മംഗലാപുരത്ത് സമാപിക്കും.

മാനവികതയുടെ സ്‌നേഹ മന്ത്രങ്ങളുമായി കേരള മണ്ണില്‍ രണ്ട് യാത്രകള്‍ നടത്തി ചരിത്രം കുറിച്ച ആഗോള പണ്ഡിത പ്രതിഭയും മര്‍കസ് ചാന്‍സലറുമായ കാന്തപുരം പുതിയ ചരിത്ര ദൗത്യവുമായി കര്‍ണാടക യാത്രക്കിറങ്ങുമ്പോള്‍ വരവേല്‍പ്പുമായി ആത്മീയ നായകരുടെയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും നീണ്ട നിരയുണ്ടാകും. 150 സ്ഥിരാംഗങ്ങള്‍ക്കു പുറമെ രാഷ്ട്രീയ- സാംസ്‌കാരിക-മത വേദികളിലെ ദേശീയ സംസ്ഥാന നേതാക്കള്‍ പ്രഭാഷകരായെത്തും. മാനവ സമൂഹത്തെ മാനിക്കുക എന്നതാണ് യാത്രയുടെ പ്രമേയം
ജനനായകനെ വരവേല്‍ക്കുന്നതിന് വന്‍സജ്ജീകരണമാണ് കര്‍ണാടകയിലുടനീളം ഒരുക്കയിട്ടുള്ളത്. യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ എല്ലായിടത്തും നിറഞ്ഞിട്ടുണ്ട്.
ഈ മാസം 25ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഗുല്‍ബര്‍ഗ ഖാജാ ബന്തേനവാസ് മഖാം സിയാറത്തോടെയാണ് യാത്ര തുടങ്ങുക. ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സിയാറത്തിന്ന് നേതൃത്വം നല്‍കും. ബന്തേനവാസ് സജ്ജാദെ നശീന്‍ സയ്യിദ് ഖുസ്‌റോ അല്‍ ഹുസൈനിയുടെ അധ്യക്ഷതയില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന കാര്‍ഗെ ഉദ്ഘാടനം ചെയ്യും. 

മന്ത്രി ഖമറുല്‍ ഇസ്‌ലാം 'കാന്തപുരം കാലത്തിന്റെ കാവലാള്‍' ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിക്കും. മൗലാനാ മുഫ്തി സ്വാദിഖലി ചിശ്തി മലേഗാവ്, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, കുടക് ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പലം, ഇഖ്ബാല്‍ അഹ്മദ് സര്‍ദഗി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ, ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജ്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, എച്ച് വിശ്വനാഥ്, ഗതാഗത മന്ത്രി രാംലിംഗ റെഡ്ഢി, നിയമമന്ത്രി ഡി പി ജയചന്ത്ര തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.
26ന് ബീജാപൂര്‍, ബഗല്‍കോട്ട്, ഹുബ്ലി 27ന് ഗദാഗ്, ബെല്ലാരി, ധാവനഗരെ, 28ന് ഹാവേരി, ഷിമോഗ, 29ന് ബട്കല്‍ ഉടുപ്പി, 30ന് ചിക്മംഗളൂര്‍, ഹാസന്‍, തുംകൂര്‍, 31ന് ബാംഗ്ലൂര്‍ നവംബര്‍ ഒന്നിന് രാംനഗര്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്കു ശേഷം രണ്ടിന് വൈകിട്ട് 3 മണിക്ക് മഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപന മഹാ സമ്മേളനം നടക്കും.
സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ദാരാമയ്യ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥി ആയിരിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഖലീല്‍ ബുഖാരി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസിലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍, പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ഥ ശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, മന്ത്രി ബി രാമനാഥ റൈ, അനില്‍ കുമാര്‍ കട്ടീല്‍, മൊയ്തീന്‍ ബാവ എം എല്‍ എ, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ ബോധവല്‍കരണവുമായി കടന്ന് പോകുന്ന കര്‍ണാടക യാത്ര മത സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനുള്ള ക്രിയാത്മക കൂട്ടായ്മക്ക് വേദിയാകും. കര്‍ണാടകയില്‍ സമന്വയ വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് ഈ കാലയളവില്‍ തുടക്കം കുറിക്കും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ, എസ്,വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി ദഅ്‌വത്തെ ഇസ്‌ലാമി തുടങ്ങിയ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന യാത്ര കര്‍ണാടക എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ മുന്നോടിയാണ്.

വാര്‍ത്താ സമ്മളനത്തില്‍ കര്‍ണാടക സുന്നി കോഓഡിനേഷന്‍ പ്രസിഡന്റ് പി.എം. അബ്ബാസ് മുസ്ലിയാര്‍ അല്‍ മദീന മഞ്ഞനാടി, കര്‍ണാടക യാത്ര ചീഫ് കണ്‍വീനര്‍ എന്‍.കെ.എം. ശാഫി സഅദി ബാംഗ്ലൂര്‍, എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് എം.വൈ. ഹഫീള് സഅദി, എസ്.വൈ.എസ് കര്‍ണാടക വൈസ് പ്രസിഡന്റ് എന്‍.പി.എം. അശ്‌റഫ് സഅദി മള്ളൂര്‍, എസ്.വൈ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.