Latest News

ഗണേശോത്സവ ഘോഷയാത്രക്കിടെ സംഘര്‍ഷം; പതിനേഴ് പ്രതികള്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: ഗണേശോത്സവ ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 17 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.

2012 സെപ്തംബര്‍ 20 ന് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മേല്‍പ്പറമ്പില്‍ നടന്ന ഗണേശോത്സവ ഘോഷയാത്രക്കിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ സുബീഷ്, ലതീഷ് കുമാര്‍, പി അനീഷ്, പി സജിത്ത്, കണ്ണന്‍, പ്രദീപ്, പ്രശാന്ത്, രാജേഷ്, അനില്‍ കുമാര്‍, ബിജു, ഹരീഷ്, മണികണ്ഠന്‍, സി ഹരീഷ്, വിജയന്‍, കീര്‍ത്തേഷ്, ലാലു. ബിനു എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 

അതേ സമയം പോലീസിന് പിടികൊടുക്കാതെ ഇപ്പോഴും ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൃപലാല്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട്. 

2012 സെപ്തംബര്‍ 20 ന് വൈകുന്നേരം മേല്‍പറമ്പില്‍ നടത്തിയ ഗണേശോത്സവ ഘോഷയാത്രക്കിടെ ചില വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായത്. കല്ലേറില്‍ പ്രദേശത്തെ പത്തോളം വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷം രൂക്ഷമായതോടെ ബേക്കല്‍ എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. 

പടക്കം പൊട്ടിച്ച് റോഡില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചതിനും വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചതിനും ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്. കേസിലെ ഏതാനും പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഗണേശോത്സവ ഘോഷയാത്ര മേല്‍ പറമ്പില്‍ നിന്നും കീഴൂര്‍ കടപ്പുറത്തേക്ക് നീങ്ങുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഗണേശ വിഗ്രഹം കടലില്‍ നിമഞ്ജനം ചെയ്ത് ഘോഷയാത്ര മടങ്ങുന്നതുവരെ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.