Latest News

രജനിയെ കൊന്ന് കുഴിച്ചു മൂടിയ സതീശന്‍ നേരത്തെ ബലാത്സംഗക്കേസിലും പ്രതി

നീലേശ്വരം: ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിലെ ജീവനക്കാരിയായിരുന്ന ഒളവറ മാവിലങ്ങാട് കോളനിയിലെ രജനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചു മൂടിയ പ്രതി നീലേശ്വരം കണിച്ചിറയിലെ സതീശന്‍ ബലാത്സംഗക്കേസിലും ആശുപത്രി അക്രമ കേസിലും നേരത്തെ പ്രതിയായിരുന്നുവെന്ന വിവരം പുറത്ത് വന്നു.

2003 ല്‍ സതീശന്‍ തായന്നൂരിലെ ഒരു യുവതിയെ പ്രണയം നടിച്ച് കണിച്ചിറയിലെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും പറമ്പിലെ ഓലഷെഡില്‍ വച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
2010 ല്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ അതിക്രമിച്ച് കയറി ആശുപത്രിയുടെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്ത കേസിലും സതീശന്‍ പ്രതിയാണ്. ഈ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ നടന്നു വരികയാണ്. മദ്യപിച്ച് വാഹനമോടിക്കുകയും ബഹളം വെക്കുകയും ചെയ്ത കേസിലും സതീശന്‍ പോലീസ് പിടിയിലായിരുന്നു. 

രജനിയുടെ തിരോധാനത്തെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ രജനിയും ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നടത്തിപ്പുകാരനായ സതീശനും തമ്മിലുള്ള ബന്ധം പരിശോധിച്ച പോലീസ് പിന്നീട് ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിനെ സതീശന്‍ നിരവധി തവണയാണ് വട്ടം കറക്കിയിരുന്നത്.
രജനി ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെന്ന് പറഞ്ഞ് സതീശന്‍ പോലീസിനെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
മാഹി, ഗുരുവായൂര്‍, കൊല്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് സതീശന്‍ പോലീസിനെ എത്തിച്ചത്. അതേ സമയം സതീശന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തിരിച്ചറിഞ്ഞ പോലീസിന് തുടര്‍ന്ന് ഇയാളുടെ നീക്കങ്ങളില്‍ സംശയം ഉടലെടുത്തു.
സതീശന്റെ ജീവിത പശ്ചാത്തലം എന്താണെന്ന് പിന്നീട് പോലീസ് അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ബലാല്‍സംഗകേസിലും ആശുപത്രി അക്രമക്കേസിലും പ്രതിയാണെന്ന് തെളിഞ്ഞത്.
ഇതോടെ ഇയാളുടെ സ്വഭാവവും സംസാരരീതിയും പോലീസ് സസൂഷ്മം നിരീക്ഷിക്കുകയും ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ രജനിയുടെ തിരോധാനത്തില്‍ നിലനിന്ന ദുരൂഹത മറ നീക്കുകയുമായിരുന്നു. 

ജില്ലാപോലീസ് മേധാവിയുടെ നിരന്തരമായ ഇടപെടലും നിര്‍ദ്ദേശങ്ങളും പോലീസിന് പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സഹായകമായി. സതീശനെയും കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് തുടരുകയാണ്.
രജനിയുടെ മൃതദേഹം കുഴിച്ചു മൂടിയ കണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോപ്പിലെ തെളിവെടുപ്പിന് ശേഷം സതീശനേയും കൊണ്ട് പോലീസ് കൊട്രച്ചാലില്‍ സതീശന്‍ വിലയ്ക്ക് വാങ്ങിയെന്ന് പറയുന്ന മൂന്ന് സെന്റ് സ്ഥലത്തേക്ക് പോയി. ഈ സ്ഥലത്ത് സപ്പോട്ട, പേരക്ക മരങ്ങള്‍ നടുന്നതിന് വേണ്ടി എന്ന് പറഞ്ഞാണ് സതീശന്‍ ബന്ധുവായ സുനിലിന്റെ വീട്ടില്‍ നിന്ന് മണ്‍വെട്ടി കൊണ്ടുപോയത്.
ഈ മണ്‍വെട്ടി ഉപയോഗിച്ചാണ് സതീശന്‍ രജനിയുടെ മൃതദേഹം കുഴിച്ചുമൂടിയത്. സതീശനെ സുനിലിന്റെ വീട്ടിലും തെളിവെടുപ്പിന് എത്തിച്ചു. മണ്‍വെട്ടി എടുത്ത് കൊണ്ടുപോയ സ്ഥലവും തിരികെ വച്ച സ്ഥലവും സതീശന്‍ പോലീസിന് കാണിച്ചു കൊടുത്തു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.