Latest News

ഹോം നഴ്‌സിംഗ് സ്ഥാപന ഉടമയായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സൂചന

നീലേശ്വരം: ഹോം നഴ്‌സിംഗ് സ്ഥാപന ഉടമയായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സൂചന. തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയിലെ പി രജനി (35) യെയാണ് കൊന്ന് കുഴിച്ചു മൂടിയതായി പോലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ കണിച്ചിറ സ്വദേശിയും സഹപ്രവര്‍ത്തനുമായ സതീശനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ തിരുവോണത്തലേന്നാണ് രജനിയെ കാണാതായത്. പിതാവ് കണ്ണന്റെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് കൊല്ലപ്പെട്ടതായി വിവരം ലഭിക്കുന്നത്.

ചെറുവത്തൂര്‍ മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിവരികയായിരുന്ന രജനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഓംനി വാന്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കല്ലൂരാവിയില്‍ നിന്നും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാനിന്റെ ഉടമയാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

കണിച്ചിറയിലെ ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രജനിയെ കൊന്ന് കുഴിച്ചുമൂടിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കേസ് അന്വേഷിക്കുന്ന നീലേശ്വരം സിഐ യു. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കുഴിച്ചിട്ട സ്ഥലം സ്ഥിരീകരിച്ചു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് സംഭവസ്ഥലം പോലീസ് മറച്ചു വെച്ചിരിക്കുകയാണ്. ഇവിടെ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും തഹസില്‍ദാരുടെയും സാന്നിധ്യത്തില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം മണ്ണുമാറ്റി പരിശോധിച്ച് സ്ഥിരീകരിക്കും.

തിരുവോണത്തലേന്ന് ചെറുവത്തൂരിലുള്ള ഹോംനേഴ്‌സിങ് സ്ഥാപനത്തിലേക്കെന്നുപറഞ്ഞാണ് രജനി വീട്ടില്‍ നിന്നിറങ്ങിയത്. ഇതിനിടയില്‍ 10ാം തീയ്യതി സ്ഥാപനത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന സതീശന്‍ എന്ന യുവാവ് രജനിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.

സ്ഥാപനത്തിലുള്ളവരെ അവരവരുടെ വീട്ടില്‍ കൊണ്ടുവിടാനായി രജനി പോയിട്ടുണ്ടെന്നും 15ന് തിരിച്ചുവരുമെന്നും ഇയാള്‍ വീട്ടുകാരോട് പറഞ്ഞു. 15ന് വീണ്ടും വിളിച്ച് മൂന്നുദിവസത്തിനുള്ളില്‍ എത്തുമെന്നറിയിച്ചു. എന്നിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് 18ന് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സതീശനെ രണ്ടുതവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ഇതിനിടയില്‍ സതീശന്‍ ഒളിവില്‍പോയി. തുടര്‍ന്നാണ് സതീശന്റെ ഓംമ്‌നി വാന്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സതീശന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതായി വിവരം ലഭിച്ച പോലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. സതീശന്‍ കുറ്റം സമ്മതിച്ചതായി വിവരമുണ്ട്.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.