Latest News

എബി എന്ന രണ്ടക്ഷരം ഇന്ന് കേവലം ഒരു തൂലിക നാമം മാത്രമല്ല

എബി എന്ന രണ്ടക്ഷരം ഇന്ന് കേവലം ഒരു തൂലിക നാമം മാത്രമല്ല , വഴിയില്‍ ഉപേക്ഷിക്കപ്പെട്ടുപോയ ഒരുപാട് വ്യക്തികളുടേയും കുടുംബങ്ങളുടെയും ജീവിതത്തോട് ചേര്‍ത്തുവെച്ച കടപ്പാടിന്റെയും കാരുണ്യത്തിന്റെയും പേര് കൂടിയാണ് .
എബി എന്ന് വിളിക്കാറുള്ള എബി കുട്ടിയാനം ...[www.malabarflash.com]

1998-2001, കാസര്‍കോട് ഗവഃ കോളേജില്‍ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത വിവേകാനന്ദ കോളേജില്‍ എബിയുണ്ടായിരുന്നു. കാരവലും ഉത്തരദേശത്തിലും എബിയുടെ കുറിപ്പുകള്‍ വായിക്കാന്‍ കാത്തിരുന്ന കാലം .... നേരിട്ട് പരിചയം ഇല്ലാത്ത കാലം ..
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് കാസര്‍കോട് ജില്ലാ എം എസ് എഫ് ന്റെ പ്രസിഡണ്ടായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എബി ആ കമ്മിറ്റിയില്‍ കലാവേദി കണ്‍വീനറായി ഞങ്ങളോടൊപ്പമുണ്ടായി .. അന്ന് തുടങ്ങിയ സൗഹൃദം .

കാലം പിന്നെയും ഒരുപാട് കഴിഞ്ഞു .കാസര്‍കോടിന്റെ സായാഹ്ന പത്രങ്ങളില്‍ കഥയും ലേഖനങ്ങളും കുറിപ്പുകളും കവിതകളും കൊണ്ട് വാരാന്ത്യങ്ങളെ ധന്യമാക്കി .. ക്യാംപസും പ്രണയവും വിരഹവും തുടങ്ങി കളിക്കളത്തിലെ പ്രകടനങ്ങള്‍ കുറിക്കുമ്പോള്‍ പോലും "അവളും, നീ " യും കടന്നു വന്ന് പ്രണയത്തിന്റെ കുറിപ്പുകള്‍ക്ക് ജീവന്‍ പകര്‍ന്നവന്‍ ... പിന്നീട് മാധ്യമ പ്രവര്‍ത്തകന്റെ വേഷമണിഞ്ഞപ്പോള്‍ ചന്ദ്രികയുടെ താളുകളെ ധന്യമാക്കിയ എഴുത്തുകാരനായി ... സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്തകളും ഇടം പിടിച്ചതോടെ എബി അവിടെയും തന്റെ കയ്യൊപ്പ് ചാര്‍ത്തി. പ്രണയത്തിന്റെ സ്വപ്നങ്ങളിലൂടെ നടന്നവന് എപ്പഴാണ് കാരുണ്യത്തിന്റെ മുഖം വന്നുചേര്‍ന്നതെന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല ...

എബി ഒരുപാട് മാറിയിരുന്നു ... ഒരിക്കല്‍ അതിരാവിലെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയ ഭാര്യയുടെ മുഖത്തേക്ക് ദേശ്യത്തോടെ നോക്കിയപ്പോള്‍ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു.. ഭയത്തിന് വഴിമാറി കാര്യം തിരക്കിയപ്പോള്‍ "എബി നിങ്ങളുടെ ഫ്രണ്ട് അല്ലേ ..? ഞാന്‍ ഒന്ന് ഞെട്ടി .. അവനെന്തു സംഭവിച്ചു..? ഇനി സംഭവിച്ചാല്‍ തന്നെ ഇവളെന്തിനാ കരയുന്നത് ?ഞാനല്ലേ കരയേണ്ടത് .. അപ്പഴാണ് എനിക്കു നേരെ ഫോണ്‍ നീട്ടി എതോ ഓണ്‍ ലൈന്‍ മാധ്യമത്തിലെ കുറിപ്പ് കാണിച്ചുതന്നത് . കൂട്ടത്തില്‍ ഒരപേക്ഷയും , "നിങ്ങളുടെ ഫ്രണ്ടിനോട് പറയണം ,ഇത് പോലെ എഴുതി ആളുകളെ കരയിപ്പിക്കരുതെന്ന് " ഫോണ്‍ വായിച്ച എന്റെയും കണ്ണ് നിറഞ്ഞൊഴുകി.. ഏതോ ഒരു ഉമ്മയെ കുറിച്ചുള്ള കുറിപ്പായിരുന്നു ....അത്രമേല്‍ ആഴമുണ്ടായിരുന്നു എബിയുടെ എഴുത്തിനും വാക്കിനും ...[www.malabarflash.com]
കിടപ്പാടമില്ലാത്തവന് കിടപ്പാടമുണ്ടാക്കി കൊടുക്കാന്‍ , ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മരണത്തെ മുഖാമുഖം കണ്ടവനെ ജീവിതത്തിലേക്ക് നടത്താന്‍ , പഠനം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവനെ കലാലയത്തിേലക്ക് കൈപിടിച്ചു നടത്താന്‍ , ആശുപത്രിയില്‍ ബില്ലടക്കാന്‍ പണമില്ലാതെ ബാക്കിയായവനെ വീട്ടിലെത്തിക്കാന്‍ , വിശന്നു കരയുന്ന പിഞ്ചുമക്കളുടെ മുന്നില്‍ ഭക്ഷണമെത്തിക്കാന്‍ , എബി എന്ന കരുണ്യത്തിന്റെ എഴുത്തുകാരന്‍ നമുക്കിടയിലൂടെ സഞ്ചരിക്കുകയാണ് ... പേനയും നാവും കൊണ്ട് എങ്ങിനെ കുറേ മനുഷ്യരെ ജീവിപ്പിക്കാം എന്ന് എബി നമ്മെ ബോധ്യപ്പെടുത്തുകയാണ് ...

പ്രിയപ്പെട്ട കൂട്ടുകാരാ , ഒരു കാലത്ത് നീ അറിയാതെ നിന്നെ അറിയാതെ നിന്നെ വായിച്ചവന് ,നിന്റെ സഹപ്രവര്‍ത്തകനായവന് , നിന്റെ എഴുത്ത് വായിച്ച് കണ്ണ് നിറഞ്ഞവന് ,പിന്നെ നിനക്ക് സമ്മാനിക്കുന്ന അവാര്‍ഡുകള്‍ കണ്ട് ദൂരെ നിന്ന് മനസ്സറിഞ്ഞ് കൈയ്യടിച്ചവന് , നിന്നെകുറിച്ച് അഭിമാനത്തോടെ ,തെല്ലഹങ്കാരത്തോടെ "അവനെന്റെ ഫ്രണ്ടാണെന്ന് "പറഞ്ഞവന് , ഇപ്പോള്‍ ബഹുമാനമാണ് ..... കഴിഞ്ഞ ദിവസം പ്രിയപ്പെട്ട യഹയ തളങ്കര നിന്റെ വാര്‍ത്ത കണ്ട് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ കൈമാറ്റ വാര്‍ത്ത കണ്ടപ്പോള്‍ മുതല്‍ നീ എന്നെ ആത്മ പരിശോധനക്ക് വിധേയനാവാന്‍ പ്രേരിപ്പിക്കുകയാണ് ... പിന്നിട്ട ജീവിതത്തെ കുറിച്ച് , സഞ്ചരിച്ച വഴികളെകുറിച്ച് .....[www.malabarflash.com]
ഏറ്റവും ഒടുവില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ റക്കീബ് എന്ന ബംഗാളി യുവാവ് കുടുംബം പുലര്‍ത്താന്‍ കാസര്‍കോട്ട് കൂലിപണി ചെയ്യുന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കകം രണ്ടേകാല്‍ ലക്ഷം ആളുകള്‍ കാണുകയും പതിനെണ്ണായിരത്തില്‍പരം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തുവെന്നത് മാത്രം മതി എബിയുടെ ഹൃദ്യമായ അവതരണം മനസ്സിലാക്കാന്‍ ..

എബീ ,
പണത്തിന്റെ അഹങ്കാരത്തില്‍ നിന്നെയും നിന്റെ കഴിവുകളെയും മനസ്സിലാക്കാന്‍ കാസര്‍കോട്ടെ ചില അഭിനവ പ്രമാണിമാര്‍ക്ക് കഴിയാതെ പോയിട്ടുണ്ടെങ്കില്‍ ,അവര്‍ക്ക് മുന്നില്‍ നീ മുട്ട് കുത്തി നിന്നു കൊടുക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ വിവരക്കേട് ... എല്ലാം തികഞ്ഞ എന്തോ ആണെന്ന ധാര്‍ഷ്ട്യം ... നിന്റെ വാക്കുകള്‍ കടമെടുത്താല്‍ വാക്കാണ് സത്യം എന്ന് തെളിയിച്ച് ആറ് മാസം കൊണ്ട് വീട് നിര്‍മ്മിച്ചു നല്‍കിയ യഹയ തളങ്കരയെ പോലുള്ളവരെ കണ്ട് പഠിക്കട്ടെ ,അത്തരം കോമാളികള്‍ .....
എബീ , നീ യാത്ര തുടരുക ... നീ കര്‍മ്മം കൊണ്ട് കാലത്തെയല്ല അടയാളപ്പെടുത്തുന്നത് , വലിച്ചെറിയപ്പെട്ടുപോയ ഒരുപാട് മനുഷ്യരുടെ ജീവിതത്തെയാണ് .വിശക്കുന്നവന് നല്‍കുന്ന അന്നത്തോളം മഹത്വം മറ്റൊന്നിനുമില്ല .. ആ പുണ്യമാണ് നീ ചെയ്യുന്നത് ... അവരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന മാത്രം മതി നിനക്ക് ..,നിന്റെ ജീവിതം ധന്യമാവാന്‍ ...
-കരീം കുണിയ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.