Latest News

മൊബൈല്‍ കടയില്‍ 5.8 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തി കാസര്‍കോട് സ്വദേശി മുങ്ങിയതായി പരാതി

ദുബായ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ മൊത്തക്കച്ചവട സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കാസര്‍കോട് സ്വദേശി മുങ്ങിയതായി പരാതി. മാഹി സ്വദേശി വി.പി.നൗഫലിന്റെ കമ്പനിയില്‍ വണ്ടിച്ചെക്ക് നല്‍കി 5.8 ലക്ഷം ദിര്‍ഹത്തിന്റെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതായി നായിഫ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കാസര്‍കോട് ആലംപാടി സ്വദേശി ബഷീര്‍ അബ്ദുല്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ കരിമ്പട്ടികയില്‍ പെടുത്തി.
പതിനാറോളം സ്ഥാപനങ്ങളെ ഇതേരീതിയില്‍ വഞ്ചിച്ച ബഷീര്‍ മൊത്തം 86 ലക്ഷം ദിര്‍ഹവുമായാണ് മുങ്ങിയതെന്ന് നൗഫല്‍, പാര്‍ട്ണര്‍മാരായ ഹിമാചല്‍പ്രദേശ് സ്വദേശി ദിനേഷ് ഠാക്കൂര്‍, ഈജിപ്ത് സ്വദേശി മുസ്തഫ എന്നിവര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നാട്ടിലും പരാതി നല്‍കും.
ദുബായ് ഫ്രീസോണ്‍, നായിഫ് എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കടയുള്ളത്. ഫോണുകളുടെയും ടാബുകളുടെയും കച്ചവടമാണ് പ്രധാനം. മൂന്നാഴ്ച മുന്‍പ് കടയിലെത്തിയ പ്രതി വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. മൊത്തം 5.8 ലക്ഷം രൂപയുടെ ചെക്ക് ഈ ഇനത്തില്‍ കൈമാറി. നേരത്തെ നല്‍കാനുള്ള തുകയുടെ ഒരു വിഹിതം നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ പണം കിട്ടുമെന്നായിരുന്നു ഉറപ്പ്. താന്‍ ബിസിനസ് ആവശ്യാര്‍ഥം റഷ്യക്കു പോകുകയാണെന്നും പറഞ്ഞു.
നിശ്ചിത ദിവസം കഴിഞ്ഞും പണം കിട്ടാതായതിനെ തുടര്‍ന്നു ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാല്‍ വാട്ട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ക്കു കൃത്യമായി മറുപടി ലഭിച്ചു. റഷ്യയില്‍ ആണെന്നും ഉടന്‍വരുമെന്നുമായിരുന്നു മറുപടി.
ദിവസങ്ങള്‍ നീണ്ടതോടെ ഇയാളുടെ സഹോദരന്മാരുടെ നമ്പര്‍ സംഘടിപ്പിച്ച് ഫോണ്‍ചെയ്തു. എന്നാല്‍ ദുബായിലും ഷാര്‍ജയിലും ബിസിനസ് നടത്തിവരുന്ന ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നൗഫല്‍ പറഞ്ഞു. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. 

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ റഷ്യയില്‍ പോയിട്ടില്ലെന്നും ഷാര്‍ജയില്‍ തന്നെയുണ്ടെന്നും പൊലീസിനു വ്യക്തമായി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കരിമ്പട്ടികയില്‍ പെടുത്തിയതിനാല്‍ രാജ്യത്തുതന്നെയുണ്ടാകുമെന്നു കരുതുന്നു. കേസ് ആയതോടെ പ്രതിക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുകയായിരുന്നു.


Keywords: Gulf, Dubai, Kasaragod, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.