കാസര്‍കോട് : സി പി എം പ്രവര്‍ത്തകന്‍ കുമ്പള ഗോപാലകൃഷ്ണ തിയേറ്ററിനടുത്തു താമസിക്കുന്ന പി മുരളിധരനെ (37) വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.
കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. കെ എസ് ആര്‍ ടി സി ബസുകളോ, സ്വകാര്യബസുകളോ, മറ്റു വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. രാവിലെ കുമ്പള ടൗണില്‍ ഓടിയ ചില വാഹനങ്ങള്‍ ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പിന്നീട് ഡി വൈ എസ് പി ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ അനുനയിപ്പിച്ച് എട്ടുമണിയോടെ വാഹനം കടത്തിവിടുകയായിരുന്നു. പിന്നീട് വാഹനങ്ങളൊന്നും ഓടിയില്ല. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
സി പി എം ശാന്തിപ്പള്ളം ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ മുരളീധരനെ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് മഞ്ജുനാഥ ഓടി രക്ഷപ്പെടുകയായിരുന്നു. നെഞ്ചിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ മുരളിധരനെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി പകല്‍ മൂന്നോടെ കുമ്പളയിലെത്തിക്കും. പിലാത്തറ, പെരുമ്പ, കരിവെള്ളൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകിട്ട് നാലോടെ കുമ്പളയില്‍ സംസ്കരിക്കും..
Keywords: Kasaragod, Kumbala, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment