Latest News

തെക്കില്‍ പാലത്തിനടിയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; കുശാല്‍നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ മരണപ്പെട്ട യുവാവിന്റേത്‌

കാഞ്ഞങ്ങാട് : കുശാല്‍നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം കൂടെ താമസിക്കുന്ന മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി തെക്കില്‍ പാലത്തില്‍ തള്ളി. 

കര്‍ണാടക ചിക്കബല്ലാപൂരിനടുത്ത ജുവല്‍പള്ളയിലെ നഞ്ചപ്പയുടെ മകന്‍ രാമന്‍ജി (35) യുടെ മൃതദേഹമാണ് തെക്കില്‍ പാലത്തില്‍ സുഹൃത്തുക്കള്‍ തള്ളിയത്.
സെപ്തംബര്‍ 8 ന് തിങ്കളാഴ്ചയാണ് രാമന്‍ജിയുടെ മൃതദേഹം തെക്കില്‍ പാലത്തില്‍ തള്ളിയിട്ട നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ടയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മരണത്തില്‍ സംശയം ഉയര്‍ന്നതോടെ മൃതദേഹം വിദ്യാനഗര്‍ പോലീസ് വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാമന്‍ജി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത് എന്നാണ് സൂചനയുള്ളത്. എങ്കിലും അന്വേഷണം വിദ്യാനഗര്‍ പോലീസ് തുടര്‍ന്നു. മരിച്ചത് കാഞ്ഞങ്ങാട് ടൗണില്‍ ചോളാപുരി കച്ചവടം നടത്തുന്ന രാമന്‍ജിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ഇതേ തുടര്‍ന്ന് കേസ് വിദ്യാനഗര്‍ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനു കൈമാറി. ഹൊസ്ദുര്‍ഗ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാമന്‍ജിയുടെ മൃതദേഹം തെക്കില്‍ പാലത്തില്‍ കൊണ്ടിട്ടവരെക്കുറിച്ച് വിവരം ലഭിച്ചത്. സെപ്തംബര്‍ 9 ന് രാത്രിയോടെ മുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലാണത്രേ യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കൂടെ താമസിക്കുന്ന മൂന്ന് പേര്‍ കാഞ്ഞങ്ങാട്ട് നിന്ന് ഓട്ടോറിക്ഷ തരപ്പെടുത്തി മൃതദേഹം അതില്‍ കയറ്റി തെക്കില്‍പാലത്തില്‍ കൊണ്ടിടുകയായിരുന്നു.
നീല നിറത്തിലുള്ള ലുങ്കി മാത്രമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. വലതു തുടയുടെ ഭാഗത്തും തലയുടെ പിന്‍ഭാഗത്തും ആഴത്തിലുള്ള മുറിവുകള്‍ കാണപ്പെട്ടിരുന്നു. ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പാലത്തിനു മുകളിലേക്കു കയറിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തൂണിന്റെ സ്പാനിന് മുകളില്‍ ആരോ ചരിഞ്ഞ് കിടന്നുറങ്ങുകയാണെന്നാണ് മീന്‍ പിടുത്തക്കാരന്‍ കണ്ടത്. പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവ് മരിച്ചു കിടക്കുന്നതായി വ്യക്തമായത്. വിവരമറിഞ്ഞ് കാസര്‍കോട് സി ഐ ടി പി ജേക്കബ്, വിദ്യാനഗര്‍ എസ് ഐ എം ലക്ഷ്മണന്‍ എന്നിവരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 

കുശാല്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബങ്ങളടക്കം നിരവധി പേര്‍ താമസിക്കുന്നുണ്ട്.
ഇവരില്‍ മിക്കവരും കാഞ്ഞങ്ങാട് നഗരത്തിലെ ചോളപുരി കച്ചവടക്കാരാണ്. കേസന്വേഷണം ഏറ്റെടുത്ത ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, ഹൊസ്ദുര്‍ഗ് എസ് ഐ കെ ബിജുലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമര്‍ഥമായ അന്വേഷണത്തില്‍ രാമന്‍ജിയുടെ മൃതദേഹം തെക്കില്‍ പാലത്തില്‍ കൊണ്ടിട്ട മൂന്നസംഘത്തില്‍പ്പെട്ട ഒരു യുവാവിനെ പോലീസ് വലയിലാക്കി. 

മൃതദേഹം തെക്കില്‍ പാലത്തിനടുത്തേക്ക് കൊണ്ടുപോയ കാഞ്ഞങ്ങാട്ടെ ഓട്ടോറിക്ഷയെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രാമന്‍ജിയുടെ മരണം കൊലപാതകമാണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 

മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണ പിള്ളയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹൊസ്ദുര്‍ഗ് എസ് ഐ ബിജുലാല്‍ പരിയാരത്തേക്ക് പോയിട്ടുണ്ട്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.