Latest News

മുഖ്യമന്ത്രി സ്വേച്ഛാധിപതി ചമയുന്നു- കെ ഇ ഇസ്മായില്‍

കാഞ്ഞങ്ങാട്: കേരളീയ ജനതയെ വിഷമ വൃത്തത്തില്‍ കൊണ്ടെത്തിച്ചും 5000 കോടിയിലേറെ നികുതി ബാധ്യത അടിച്ചേല്‍പ്പിച്ചും അതിനു പുറമേ ബജറ്റില്‍ പോലും ഉള്‍പ്പെടുത്താതെ അസംബ്ലിയേയും ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ചുകൊണ്ട് മൂവായിരം കോടിരൂപയുടെ അധികബാധ്യത കൂടി ഏല്‍പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വേച്ഛാധിപത്യ സമീപനം സ്വീകരിക്കുകയാണ് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മായില്‍ പറഞ്ഞു. 

യു ഡി എഫ് സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരെയുള്ള എല്‍ ഡി എഫ് ക്യാമ്പയിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ എല്‍ ഡി എഫ് പ്രതിഷേധ കൂട്ടായ്മ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി പണം പിരിച്ചെടുക്കാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി. കേരളംം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതി ഭരണത്തിന് നേതൃത്വം നല്‍കിയ സര്‍ക്കാര്‍കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ അഴിമതി ഇതിന്റെ പ്രധാന തെളിവാണ്. മുഖ്യമന്ത്രി ഓഫീസ് ജീവനക്കാര്‍ എല്ലാവരും തന്നെ അഴിമതിയുടെ നിഴലിലാണെന്ന് കോടതി പരാമര്‍ശം പോലും ഉണ്ടായിട്ടുണ്ട്. 

480 കോടി രൂപയുടെ ഭൂമിതട്ടിപ്പ് കേസില്‍ അകപ്പെട്ട സലീംരാജിനെ സഹായിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ടൈറ്റാനിയം പാമോയില്‍, പ്ലസ്ടു തുടങ്ങിയ അഴിമതി പച്ചയായി ജനങ്ങള്‍ക്ക് ബോധ്യമായാതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയേറെ അഴിമതി നടത്തിയ ഒരു മുഖ്യന്‍ അധികാരത്തില്‍ കടിച്ചു കയറി ജനങ്ങളുടെ മേല്‍ കുതിര കയറാന്‍ ശ്രമിക്കുകയാണെന്നും എന്തും ജനങ്ങള്‍ സഹിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നത് വിഡ്ഡിത്തമാണ്. 

കേരളത്തിലെ ജനങ്ങള്‍ പലതും സഹിച്ചു, ക്ഷമിച്ചു. അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന ചൊല്ല് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ചടങ്ങില്‍ കെ പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് നേതാക്കളായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി രാമകൃഷ്ണന്‍, സുരേഷ് പുതിയേടത്ത്, എം അനന്തന്‍ നമ്പ്യാര്‍, അസീസ് കടപ്പുറം, മാനുവല്‍ കാപ്പന്‍, കെ എം ബാലകൃഷ്ണന്‍, ഏ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബങ്കളം പി കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.