Latest News

അഭിഭാഷകനെ കക്ഷി ഓഫീസില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചി: അഭിഭാഷകനെ കക്ഷി ഓഫീസില്‍ കയറി കത്തിക്കു കുത്തി പരിക്കേല്‍പ്പിച്ചു. ഹൈക്കോടതിയില്‍ അഭിഭാഷകനായ എറണാകുളം സെന്റ് ബെനഡിക്ട് റോഡില്‍ മീര ടവറില്‍ താമസിക്കുന്ന കോലഞ്ചേരി കടുത്തുരുത്തി താഴയ്ക്കല്‍ അഡ്വ.ടി.എസ്. രാജനാണു(52) കുത്തേറ്റത്. മുഖത്തും നെഞ്ചിലും തോളിലും പുറത്തുമായി നിരവധി കുത്തുകളേറ്റ അഭിഭാഷകന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. 

അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനു മൂലമറ്റം സ്വദേശി ജോസിനെ നോര്‍ത്ത് പോലീസ് അറസ്റ്റ്‌ചെയ്തു. ജോസിന്റെ മൂലമറ്റത്തുള്ള സ്ഥലത്തിന്റെ സര്‍വേയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസമാണു കത്തിക്കുത്തിനു കാരണം. രാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എറണാകുളം നോര്‍ത്തില്‍ ഇഎസ്‌ഐ ഹോസ്പിറ്റല്‍ റോഡിലെ സ്വന്തം ഓഫീസില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അഡ്വ.രാജനു കുത്തേറ്റത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും രാജന്റെ പരിചയക്കാരനുമായ ചന്ദ്രന്‍ എന്നയാള്‍ക്കൊപ്പമാണു പ്രതിയായ ജോസ് ഒമ്പതോടെ ഓഫീസിലെത്തിയത്. ചന്ദ്രന്റെ പരിചയത്തിലാണു ജോസ് തന്റെ കേസിന്റെ നടത്തിപ്പിന് അഡ്വ. രാജനെ സമീപിച്ചിരുന്നത്.

രാജനു നേരേയുണ്ടായ ആക്രമണത്തില്‍ അഭിഭാഷക സംഘടനകള്‍ പ്രതിഷേധിച്ചു. കേരള ഹൈക്കോര്‍ട്ട് അഭിഭാഷക അസോസിയേഷന്റെ  യോഗം അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ കേരള ഹൈക്കോര്‍ട്ട് കമ്മിറ്റി പ്രതിഷേധയോഗത്തില്‍ ആവശ്യപ്പെട്ടു.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.