Latest News

പ്രണയം നടിച്ച് എംബിബിഎസ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍നിന്ന് 50 പവന്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍

ചാലക്കുടി: പ്രണയം നടിച്ച് എംബിബിഎസ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍നിന്ന് അന്‍പതു പവന്റെ സ്വര്‍ണക്കട്ടികള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. അന്നനാട് മൂക്കുപറമ്പില്‍ അഭിലാഷിനെയാണു (27) സിഐ വി.ടി. ഷാജന്‍ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ചാലക്കുടിയിലെ വിദ്യാലയത്തില്‍ പഠിക്കുന്ന സമയത്തു യുവാവുമായി പരിചയത്തിലായി. പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയോടു വീട്ടില്‍ സ്വര്‍ണം ഇരിക്കുന്ന സ്ഥലവും മറ്റുള്ളവര്‍ കാണാതെ വീട്ടില്‍നിന്നു സ്വര്‍ണം എങ്ങനെ കൈക്കലാക്കാമെന്നും ചോദിച്ചു മനസിലാക്കി. തുടര്‍ന്നു വീട്ടില്‍ കയറി സ്വര്‍ണം കവരുകയായിരുന്നു. 100 ഗ്രാം തൂക്കമുള്ള നാലു സ്വര്‍ണക്കട്ടികളാണ് ഇയാള്‍ തട്ടിയെടുത്തത്. പിന്നീട് ഇതേക്കുറിച്ചു പരാതിപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.

ഇതുകൂടാതെ 50,000 രൂപ പണമായും 6,700 രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും ഇയാള്‍ പെണ്‍കുട്ടിയില്‍നിന്നു തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സ്വര്‍ണമോതിരവും കൈക്കലാക്കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.എ. ജോബ്, കെ.എസ്. ഉണ്ണിക്കൃഷ്ണന്‍, കെ.ജെ. ജോണ്‍സണ്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എം. മൂസ, സി.ബി. ഷെറില്‍, സി.പി. ഷിബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

യൂസ്ഡ് കാര്‍ ബിസിനസ് നടത്തുന്ന പ്രതി സ്വര്‍ണം മുംബൈയില്‍ കൊണ്ടുപോയി വിറ്റശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങിയതായി പൊലീസിനോടു സമ്മതിച്ചു. ഇയാള്‍ക്കു മറ്റു പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു.



Keywords: Kerala News,Chalakkudi, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.