Latest News

ബസ് തട്ടി സ്‌കൂട്ടറില്‍ നിന്നും വീണ പിഞ്ഞുകുഞ്ഞ് അതേ ബസ്‌ കയറി മരിച്ചു

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഇടിച്ചു സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ പിഞ്ചുകുഞ്ഞിന് അമ്മയുടെ കണ്‍മുന്നില്‍ ദാരുണാന്ത്യം. ആലപ്പുഴ പഴവീട് മാമൂട് മഠത്തില്‍ രാജേഷിന്റെ ഇളയ മകള്‍ രാഗേന്ദുവാണ് (ഒന്നര) അമ്മ ബിന്ദുവും മുത്തച്ഛന്‍ രാജനും നോക്കിനില്‍ക്കെ ബസിനടിയില്‍പെട്ടു മരിച്ചത്.

ബസിനടിയില്‍പെട്ട മകളെ വാരിയെടുക്കാന്‍ ഓടിയെത്തിയ അമ്മ കുഞ്ഞിന്റെ ചലനമറ്റ ശരീരം കൈയിലെടുത്തു കുഴഞ്ഞുവീണു. ദേശീയപാതയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന്‌ തെക്കുഭാഗത്തെ പെട്രോള്‍ പമ്പിനു സമീപം വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. രാജേഷിന്റെ അച്ഛന്‍ രാജന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ബിന്ദുവിന്റെ മടിയിലിരുന്നു യാത്ര ചെയ്യുകയായിരുന്നു കുഞ്ഞ്.

ഇതേ ദിശയില്‍ പിറകേ വന്ന കെഎസ്ആര്‍ടിസി വേണാട് ബസിന്റെ മധ്യഭാഗം സ്‌കൂട്ടറില്‍ ഇടിച്ചതിനെത്തുടര്‍ന്നു ബിന്ദുവിന്റെ കൈയില്‍ നിന്നു കുഞ്ഞ് തെറിച്ചു ബസിനടിയിലേക്കു വീഴുകയായിരുന്നു. അമ്മയും മുത്തച്ഛനും മറുഭാഗത്തേക്കു ചരിഞ്ഞുവീണു. ഉടന്‍ ബസ് നിര്‍ത്തിയെങ്കിലും പിന്‍ചക്രങ്ങള്‍ കുഞ്ഞിന്റെ ജീവനെടുത്തിരുന്നു. ട്രാഫിക് പൊലീസ് കേസെടുത്തു. അപകടത്തിനിടയാക്കിയ ബസിന്റെ ഡ്രൈവറെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

കായംകുളത്തു നിന്ന് ആലപ്പുഴയിലേക്കു വരികയായിരുന്നു ബസ്. വിദേശത്തായിരുന്ന രാജേഷ് വിവരമറിഞ്ഞു നാട്ടിലെത്തി. രാഗേന്ദുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്‌കാരം വെളളിയാഴ്ച  11 ന്. ആലപ്പുഴ മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവാണു സഹോദരി.



Keywords: Kerala News, Alappuza, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.