Latest News

ചെരുമ്പയിലെ കവര്‍ച്ചാ ശ്രമം; 2 പേര്‍ കൂടി അറസ്റ്റില്‍

ബേക്കല്‍: ബേക്കല്‍ പനയാല്‍ ചെരുമ്പയിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പി. കരുണാകരന്‍ എം.പിയുടെ വീട് കവര്‍ച്ചാ കേസ് പ്രതി ഉള്‍പെടെ രണ്ട് പേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പാലത്തെ പാലക്കാട് ഹൗസില്‍ കെ.കെ കൊട്ടയില്‍ സൈനുദ്ദീന്‍ കെ.കെ എന്ന സൈനു എന്ന് വിളിക്കുന്ന മന്‍സൂര്‍ (35), മലപ്പുറം പെരുവല്ലൂര്‍ മലയില്‍ ഹൗസില്‍ അബ്ദുല്‍ സലാം പി.സി എന്ന ചീമാ സലാം (46) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

20 ഓളം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സൈനുദ്ദീന്‍. മൂന്നു വര്‍ഷം മുമ്പ് പി. കരുണാകരന്‍ എം.പിയുടെ വീട്ടില്‍ കവര്‍ച്ചാ നടത്തിയ കേസിലും, ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലും സൈനുദ്ദീനെതിരെ കേസ് നിലവിലുണ്ട്. പി. കരുണാകരന്‍ എം.പിയുടെ വീടുകവര്‍ച്ചാ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് കോടതിയില്‍ നടക്കുകയാണ്. ഒരു കവര്‍ച്ചാ കേസില്‍ സൈനുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

ഈ മാസം 10 ന് പനയാല്‍ ചെരുമ്പയിലെ ഖൈറുന്നിസയുടെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.ഈ കേസിലെ ഒന്നാം പ്രതിയെ പൈവളിഗ ബാവിക്കട്ടയിലെ മഞ്ചത്തൊട്ടി ഹൗസില്‍ കിരണിനെ (22) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖൈറുന്നിസയുടെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നപ്പോള്‍ വീട്ടുകാര്‍ ഉണരുകയും പ്രതികള്‍ കെ.എല്‍. 10 എ.ഡി 678 നമ്പര്‍ കാറില്‍ രക്ഷപ്പെടുന്നത് കണ്ടതുമാണ് കേസിന് തുമ്പായത്.

ഈ കാര്‍ സൈനുദ്ദീന്‍ മലപ്പുറത്തെ ഒരു ബ്രോക്കറില്‍ നിന്നും 10,000 രൂപയ്ക്ക് വാടകയ്ക്ക് വാങ്ങിയതായിരുന്നു. കേസിലെ ഒന്നാം പ്രതി കിരണ്‍ കുമ്പള എക്‌സൈസിന്റെ മൂന്നോളം ചാരായ കേസുകളില്‍ പ്രതിയായിരുന്നു. ഈ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് അവിടെ തടവ് ശിക്ഷ അനുഭവിച്ചിരുന്ന സൈനുദ്ദീനുമായി പരിചയപ്പെട്ടത്.

ഈ പരിചയമാണ് ചെരുമ്പയിലെ കവര്‍ച്ചയ്ക്ക് പദ്ധതിയിടാന്‍ പ്രേരണയായത്. ബേക്കല്‍ അഡീഷണല്‍ എസ്.ഐ ചന്ദ്രബാനു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുവര്‍ണന്‍, അബൂബക്കര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.



Keywords: Kasaragod, Bekal, Kerala News, Alappuza, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.