Latest News

ദസറ ആഘോഷത്തിനിടെ പട്‌നയില്‍തിക്കിലും തിരക്കിലുംപെട്ട് 32 പേര്‍ മരിച്ചു

പട്‌ന: ദസറ ആഘോഷത്തിനിടെ ബിഹാറിലെ പട്‌നയില്‍ തിക്കിലും തിരക്കിലുംപെട്ട് 32 പേര്‍ മരിച്ചു. ഗാന്ധിമൈതാനത്തിന് സമീപമാണ് സംഭവം. മരിച്ചവരില്‍ 25 പേര്‍ സ്ത്രീകളും 5 കുട്ടികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. ദസറ ആഘോഷങ്ങള്‍ കണ്ടതിന് ശേഷം ഗാന്ധിമൈതാനത്തുനിന്നും ഇടുങ്ങിയ വഴിയിലൂടെ പുറത്ത് കടക്കുമ്പോഴായിരുന്നു അപകടം.

എന്നാല്‍ മരണ സംഖ്യയെക്കുറിച്ച് അവ്യക്തതകള്‍ തുടരുകയാണ്. നിരവധിപേര്‍ക്ക് പരുക്കേറ്റു. വൈകിട്ടാണ് സംഭവം. റാംഗുലാം ചൗക്കിന് സമീപമാണ് അപകടം ഉണ്ടായത്. 50,000 ത്തില്‍ അധികം ആളുകളാണ് ഇവിടുത്തെ ആഘോഷങ്ങളില്‍ വര്‍ഷം തോറും പങ്കെടുക്കാറുള്ളത്. ജില്ലാ ഭരണകൂടവും സ്വകാര്യ പങ്കാളിത്തത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയും പങ്കെടുത്ത പരിപാടിയായിരുന്നു ഇത്.

ഗാന്ധി മൈതാനത്ത് നിന്നും ആളുകള്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായതെന്ന് ബിഹാര്‍ ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പരുക്കേറ്റ ചിലരെ പട്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്കും ആശുപത്രിയിലേക്കും പുറപ്പെട്ടിട്ടുണ്ട്. പരിപാടി കഴിഞ്ഞതിന് ശേഷം ആളുകള്‍ ഒരുമിച്ച് പുറത്തിറങ്ങിയതാണ് അപകട കാരണം. കൂടാതെ വെളിച്ചവും കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയ്ക്ക് പുറത്ത് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും മറ്റും എത്തി.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.



Keywords: National News, Bihar, Patna, Dasara, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.