Latest News

നിങ്ങള്‍ക്കറിയുമോ....?, 40 കൊല്ലമായി നാടുകാണാത്ത അബ്ദുല്ല ഉസ്മാനെ

ഷാര്‍ജ: മരുഭൂമിയില്‍ 40 വര്‍ഷം നീണ്ട പ്രവാസം. ഒരിക്കല്‍ പോലും നാട്ടില്‍ പോകാനാകാത്ത കൊടും പ്രവാസത്തില്‍ അബ്ദുല്ല പുനത്തില്‍ ഉസ്മാനിപ്പോള്‍ രോഗബാധിതനായി ദുബൈ ആശുപത്രിയില്‍ കഴിയുകയാണ്. പ്രമേഹ രോഗിയാണിയാള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളും കൂടെയുണ്ട്. കേരളത്തിലെ ഏത് ജില്ലയില്‍ നിന്നാണ് താന്‍ ചരക്ക് കപ്പല്‍ കയറി ദുബൈ തീരത്തത്തെിയതെന്നു പോലും ഓര്‍ക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നില്ല.

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ പേരുകള്‍ മാറിമാറി പറയുന്ന അബ്ദുല്ലയുടെ കുഴിയിലാണ്ടുപോയ കണ്ണുകളില്‍ ജനിച്ച നാടിന്‍റ നിറം മങ്ങിയ കാഴ്ച്ചകള്‍ മാത്രമാണുള്ളത്. പാസ്പോര്‍ട്ട് പോലുമില്ലാതെയാണ് കപ്പല്‍ കയറിയത്. ഇത്തരത്തില്‍ വന്നവര്‍ക്ക് ദുബൈ കോണ്‍സുലേറ്റ് വഴി പാസ്പോര്‍ട്ട് നല്‍കിയിരുന്നു. അങ്ങിനെയാണ് ഇദ്ദേഹത്തിനും ഒരു പാസ്പോര്‍ട്ട് കിട്ടിയത്. ഇതിലെ ജനന തിയ്യതി പ്രകാരം വയസ് 60. എന്നാല്‍ ഇതില്‍ പറയുന്നത് തന്‍െറ പേരു തന്നെയാണോയെന്ന് ഇയാള്‍ സംശയിക്കുന്നു. കാരണം അബ്ദുല്ലയുടെ കൂടെയുള്ള ഉസ്മാനും പുനത്തിലും ഇയാള്‍ക്ക് അപരിചിതരാണ്.
അബ്ദുല്ലക്ക് കിട്ടിയത് വീട്ട് ജോലിയായിരുന്നു. അതിന്നും തുടരുന്നു. അന്നത്തെ ശമ്പളം 500 ദിര്‍ഹം. ഇന്നും അതു തന്നെ. ജോലി സ്ഥലത്തെ നാല് ചുവരുകള്‍ക്കപ്പുറത്തുള്ള ലോകം ഇയാള്‍ക്ക് അന്യമാണ്.

ദുബൈയുടെ വികസന കുതിപ്പില്‍ ഉയര്‍ന്ന വന്ന ബുര്‍ജ് ഖലീഫ, ദുബൈമാള്‍, ബുര്‍ജുല്‍ അറബ് എന്നിവയൊന്നും ഇയാള്‍ കണ്ടിട്ടില്ല. പൂര്‍ണമായും യന്ത്രമായി തീര്‍ന്ന ഒരു മനുഷ്യന്‍റ ദയനീയതയാണ് ഇയാളുടെ സംസാരവും പ്രവര്‍ത്തിയും നോട്ടവും സൂചിപ്പിക്കുന്നത്. ചിരിക്കാനും കരയാനും മറന്ന് പോയ പ്രവാസത്തിലാണ്ടുപോയ ദീനത. 

വിവാഹം കഴിച്ചിട്ടില്ല. ഗള്‍ഫില്‍ വരുമ്പോള്‍ പല പ്രതീക്ഷകളും ഇയാള്‍ക്കും ഉണ്ടായിരിക്കും. എന്നാല്‍ എവിടെയോ വെച്ച് അതൊക്കെ തകിടം മറിഞ്ഞുപോയ സങ്കടത്തിന്‍െറ കടലിരമ്പം ഇടറുന്ന ചുണ്ടില്‍ പ്രകടമാണ്.
26 വര്‍ഷം മുമ്പ് കണ്ടുമുട്ടിയ മലപ്പുറം തിരൂര്‍ സ്വദേശി ഖാലിദുള്‍പ്പെടെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ഇയാളുമായി സൗഹൃദമുള്ളത്. ഖാലിദ് സ്നേഹപൂര്‍വ്വം നാടിനെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ഉണ്ടായില്ല. അബ്ദുല്ലപറഞ്ഞ ചില സൂചനകള്‍ പ്രകാരം ഖാലിദ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇടക്ക് ഖാലിദുമായി പുറത്ത് പോകുമ്പോള്‍ കാണുന്ന കാഴ്ച്ചകളില്‍ നിന്നുപോലും ഇയാള്‍ ഓടി ഒളിക്കുകയാണ് പതിവ്. നാട് കാണാനുള്ള പൂതി മനസിലുള്ളതായി ഇയാളോട് സംസാരിച്ചപ്പോള്‍ കിട്ടുന്നുണ്ട്. എന്നാല്‍ എവിടേക്ക് പോകുമെന്ന ചോദ്യം ബാക്കിയാവുന്നു.
ഇദ്ദേഹം പറഞ്ഞ സൂചന പ്രകാരം പൊന്നാനി താലൂക്കിലെ എരമംഗലം നരണിപ്പുഴ ഭാഗത്താണ് വീടെന്ന് സംശയിക്കുന്നുണ്ട്. ഇതേ ഭാഗത്ത് നിന്ന് ഇതേ കാലയളവില്‍ ഒരാള്‍ നാടു വിട്ടിരുന്നു. ഇട്ടിലപ്പാട്ടയില്‍ കൂഞ്ഞാലന്‍, അരിമ്പൂരയില്‍ പാത്തുണ്ണി ദമ്പതികളുടെ മകന്‍ മുഹമദാണ് 42 കൊല്ലം മുമ്പ് നാടുവിട്ടത്. ഇയാളെ ഒരു പാട് സ്ഥലങ്ങളില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. 

അബ്ദുല്ലയെക്കുറിച്ച് അറിഞ്ഞ ഈ പ്രദേശത്തുകാരും കാണാതായ മുഹമദിന്‍െറ പെങ്ങളുടെ മകനും ആശുപത്രിയില്‍ വന്നിരുന്നു. ഇവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഉസ്മാന്‍ കൂട്ടാക്കിയില്ല. എങ്കിലും നിങ്ങള്‍ക്ക് മൂസ എന്ന ജ്യേഷ്ഠന്‍ ഉണ്ടോയെന്ന ചോദ്യത്തോട് മറുപടി അനുകൂലമായരുന്നു.
എന്നാല്‍ തുടര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടായില്ലെന്ന്‌ നരണിപ്പുഴ പുളിഞ്ചോട് സ്വദേശി അഷ്റഫ് പറഞ്ഞു. മുഹമദിന്‍െറ പെങ്ങളുടെ മകനും അബ്ദുല്ലയും തമ്മിലുള്ള രൂപ സാദൃശ്യവും വന്നവരില്‍ ഇത് തങ്ങളുടെ നാട്ടില്‍ നിന്ന് കാണാതായ ആളുതന്നെയാണെന്ന സംശയം ബലപെടുത്തുന്നുണ്ട്. നാട്ടിലുള്ള പഴയ തലമുറയില്‍പെട്ടവര്‍ക്ക് ഇയാളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാ പ്രതിക്ഷയിലാണിവര്‍.
(കടപ്പാട്: ഗള്‍ഫ് മാധ്യമം)

Keywords: Gulf News, Sharjah, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.