Latest News

കളിയാട്ടക്കാലമെത്തുന്നു... അണിയറയില്‍ തെയ്യച്ചമയങ്ങള്‍ ഒരുങ്ങി

ചെറുവത്തൂര്‍: ഉത്തരമലബാറില്‍ കളിയാട്ടക്കാലമെത്തിയതോടെ അണിയറയില്‍ തെയ്യച്ചമയങ്ങള്‍ ഒരുങ്ങി. തുലാമാസത്തില്‍ ആരംഭിക്കുന്ന കളിയാട്ടത്തിന് ചമയമൊരുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്മാര്‍. 

തെയ്യം സജീവമാകണമെങ്കില്‍ ഭക്തരുടെ മനം നിറയ്ക്കുന്ന രൂപഭംഗിയും വേണം. വീട് കേന്ദ്രീകരിച്ചാണ് ചമയങ്ങള്‍ തയ്യാറാക്കുന്നത്. രൂപത്തിലും സങ്കല്‍പത്തിലും വ്യത്യസ്തമാണ് തെയ്യങ്ങളോരോന്നും. തെയ്യം അരങ്ങിലെത്തുമ്പോള്‍ നിറയുന്നത് വ്യത്യസ്ത കലകളുടെ സമ്മേളനമാണ്. 

നൃത്തവും വാദ്യവും ഗീതവും ചിത്രകലയും ശില്‍പകലയുമെല്ലാം സമ്മേളിക്കുന്നു. ചമയങ്ങളാണ് തെയ്യത്തിന് രൂപഭംഗി പകരുന്നത്. മരം, ലോഹം, കവിടി, തുണി, പീലിത്തണ്ട്, കുരുത്തോല, വാഴപ്പോള, പൂവ്, മുള തുടങ്ങിയവ കൊണ്ടാണ് ചമയ നിര്‍മാണം. വൈവിധ്യമാര്‍ന്ന മുടികളും വ്യത്യസ്ത ആകൃതിയിലും നിറത്തിലുമുള്ള ചമയമാണ് തെയ്യങ്ങളെ ആകര്‍ഷകമാക്കുന്നത്. 

കൈകളുടെ ചമയമായ കൈക്കരു, കാലുകള്‍ക്കുള്ള കാക്കരു, തലച്ചമയങ്ങള്‍, മുടി എന്നിവയാണ് ഇവയില്‍ പ്രധാനം.ഓലച്ചമയം ഒഴിച്ചുള്ളവയാണ് ഇപ്പോള്‍ ഒരുക്കുന്നത്. ഓലച്ചമയം ഓരോ തെയ്യത്തിനുസരിച്ച് കളിയാട്ട സ്ഥലങ്ങളില്‍ തയ്യാറാക്കും. ചമയം തയ്യാറാക്കുന്നതില്‍ വൈദഗ്ധ്യം നേടിയ കലാകാരന്മാര്‍ ഇവര്‍ക്കിടയിലുണ്ട്. തുലാം പത്തുമുതലാണ് കളിയാട്ടക്കാലം. 


Keywords: Kasaragod News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.