കണ്ണൂര്‍: 1997ല്‍ സി.പി.എം പ്രവര്‍ത്തകന്‍ കിഴക്കെ കതിരൂരിലെ എം.കെ. സുരേന്ദ്രന്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്. ഈ ആവശ്യമായി കിഴക്കേ കതിരൂര്‍, തിട്ടയില്‍ മുക്ക്, അഞ്ചാംമൈല്‍, പൊന്ന്യം റോഡ്, ഉക്കാസ് മെട്ട എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററുകള്‍ പിന്നീട് ചിലര്‍ കീറിക്കളഞ്ഞു.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് പ്രത്യേക ജാഗ്രത പാലിക്കുന്ന പ്രദേശങ്ങളാണിത്. സുരേന്ദ്രന്‍ വധക്കേസില്‍ മനോജ് പ്രതിപട്ടികയിലുണ്ടായിരുന്നെങ്കിലും കോടതി വിട്ടയക്കുകയായിരുന്നു.
1997 ഒക്ടോബര്‍ ആറിനാണ് സുരേന്ദ്രന് ചാലവയലില്‍ വെച്ച് ഗുരുതരമായി വെട്ടേറ്റത്. ഏഴിന് മരിച്ചു. ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്താനുള്ള സി.പി.എം ശ്രമത്തിനിടെ, സംഘത്തില്‍പെട്ട സുരേന്ദ്രന് സി.പി.എമ്മുകാരില്‍ നിന്ന് അബദ്ധത്തില്‍ വെട്ടേറ്റെന്നാണ് ബി.ജെ.പിയുടെ വാദം. മനോജ് വധത്തിന്‍െറ പശ്ചാത്തലത്തില്‍ ഇത് അവര്‍ ശക്തിയായി ഉന്നയിക്കുന്നു.
ബി.ജെ.പി പ്രചാരണത്തിനെതിരെ സി.പി.എം ശക്തമായി രംഗത്തു വന്നു. സി.പി.എം പ്രവര്‍ത്തകനായ സുരേന്ദ്രനെ 1997ല്‍ കൊലപ്പെടുത്തിയ ആര്‍.എസ്.എസ് നേതാവ്-ബി.ജെ.പി അക്രമി സംഘത്തെ വെള്ള പൂശാനുള്ള നീക്കം അപലപനീയമാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
നിഷ്ഠുരവും ഏകപക്ഷീയവുമായ അക്രമമാണ് 1997ല്‍ ആര്‍.എസ്.എസ് നടത്തിയത്. സുരേന്ദ്രന്‍ കൊല്ലപ്പെടുകയും നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു.17 വര്‍ഷത്തിന് ശേഷമാണ് സുരേന്ദ്രന്‍ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ളെന്ന പ്രചാരണം ബി.ജെ.പി നടത്തുന്നത് -സി.പി.എം പറഞ്ഞു.
സുരേന്ദ്രന്‍ ഉള്‍പ്പെടെ 56 പ്രവര്‍ത്തകരെ കണ്ണൂര്‍ ജില്ലയില്‍ മാത്രം കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്നും സി.പി.എം ആരോപിച്ചു. എല്ലാ കേസിലും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിക്കുന്ന വാദമാണ് തങ്ങള്‍ നിരപരാധികളാണെന്നത്. ആ വാദം ബി.ജെ. പി ആവര്‍ത്തിച്ചാല്‍ കൊലപാതകികള്‍ വിശുദ്ധരാവില്ല. പ്രകോപനം ഉണ്ടാക്കാന്‍ ലക്ഷ്യമാക്കിയാണ് രക്തസാക്ഷിദിന പരിപാടികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആര്‍.എസ്.എസ് പോസ്റ്റര്‍ ഒട്ടിച്ച് നുണ പ്രചരിപ്പിച്ച് മിടുക്കരാവുന്നത്.
അത്തരം നുണകള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അപവാദ പ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജനങ്ങളോടും സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന പ്രകോപനങ്ങളില്‍ കുടുങ്ങി പോകരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
സുരേന്ദ്രന്‍ രക്തസാക്ഷി ദിനം സി.പി.എം ചൊവ്വാഴ്ച ആചരിക്കും. കിഴക്കെ കതിരൂര്‍ കുന്നുമ്മല്‍പീടികയിലെ സുരേന്ദ്രന്‍ സ്മാരകത്തിനു സമീപം നടക്കുന്ന പൊതുയോഗത്തില്‍ എം.വി. ജയരാജന്‍, അഡ്വ. പ്രേംനാഥ്, വല്‍സന്‍ പനോളി തുടങ്ങിയവര്‍ പങ്കെടുക്കും.


No comments:
Post a Comment