Latest News

നവവധു ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിനെ ഡിവൈഎസ്പി ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: നാലുമാസം മുമ്പ് വിവാഹിതയായ 19കാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ ചുമതല കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായക് ഏറ്റെടുത്തു.
അമ്പലത്തറ പാറപ്പള്ളി ജുമാമസ്ജിദിന് പിറക് വശത്ത് താമസിക്കുന്ന ജാസിറിന്റെ ഭാര്യ സഫീദ (19) ജീവനൊടുക്കിയ കേസിലാണ് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

വെളളിയാഴ്ച രാവിലെയാണ് സഫീദയുടെ മൃതദേഹം അയല്‍വാസിയായ ഷംസുദീന്റെ വീട്ടുപറമ്പിലെ ആള്‍മറയുള്ള കിണറ്റില്‍ കണ്ടെത്തിയത്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണം ആത്മഹ്യ എന്നാണ് സൂചന. വിശദമായ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പോലീസിന് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളു. സഫീദയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും ശനിയാഴ്ച രാവിലെ ഡിവൈഎസ്പി ചോദ്യം ചെയ്തു. 

ജൂണ്‍ 8നാണ് ആദൂരിലെ ഹമീദിന്റെയും ഹൈറുന്നീസയുടെയും മകളായ സഫീദയെ ജാസിര്‍ വിവാഹം ചെയ്തത്. വെളളിയാഴ്ച രാവിലെ പതിവുപോലെ ഉണര്‍ന്നെണീറ്റ സഫീദ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങള്‍തരംതിരിച്ച് മാറ്റിവെയ്ക്കുകയും മേശപ്പുറത്ത് ഭര്‍ത്താവിന്റെ ബ്രഷും പേസ്റ്റും എടുത്തുവെയ്ക്കുകയും ചെയ്തിരുന്നു. രാവിലെ വീട്ടിലെ മറ്റു അംഗങ്ങള്‍ ഉണര്‍ന്നെണീറ്റപ്പോള്‍ സഫിദയെ കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സഫീദയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. 

തലേ ദിവസം രാത്രി ജാസിറിന്റെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി പരിസരവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ സഫീദയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണ്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.