Latest News

കുത്തേറ്റ് മരിച്ച മുരളിയുടെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു



കുമ്പള: തിങ്കളാഴ്ച വൈകുന്നേരം കുത്തേറ്റ് മരിച്ച സിപിഎം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ മുരളിയുടെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. 

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പാര്‍ടി നേതാക്കള്‍ ഏറ്റു വാങ്ങിയ മൃതദേഹം വിലാപ യാത്രയായാണ് കുമ്പളയില്‍ എത്തിച്ചത്. പിലാത്തറ, പയ്യന്നൂര്‍ പെരുമ്പ, കരിവെള്ളൂര്‍, കാലിക്കടവ്. ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ചതിനുശേഷമാണ് നാലരയോടെ കുമ്പളയില്‍ എത്തിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ ഓരോ കേന്ദ്രത്തിലും അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
വീട്ടുവളപ്പില്‍ ആറരയോടെ മൃതദേഹം സംസ്‌കരിച്ചു. വിവിധ പാര്‍ടി നേതാക്കളും വര്‍ഗ ബഹുജനസംഘടനാ നേതാക്കളും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരും ആദരഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
പരിയാരത്ത് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ഏരിയാസെക്രട്ടറി പി രഘുദേവന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എന്നീ നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. പാര്‍ടി പതാക പുതപ്പിച്ചു. 

കുമ്പള സിഐ കെ പി സുരേഷ്ബാബു മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. ഡോ. ഗോപാലകൃഷ്ണപിള്ള പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കി. 

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍, എം വി ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ, ഡിവൈഎഫ്‌ഐ നേതാക്കളായ പി മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, കെ മണികണ്ഠന്‍, കെ രാജ്‌മോഹന്‍ എന്നിവര്‍ ആശുപത്രിയില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
പൊതുദര്‍ശനത്തിന്‌വെച്ച സ്ഥലങ്ങളിലും വീട്ടിലുമായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പി ഗംഗാധരന്‍നായര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
















Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.