Latest News

മുങ്ങിമരിച്ച അധ്യാപകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: കണ്ണീരോടെ കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കുമുന്നിലേക്ക് അവധിദിവസമായിട്ടും സിവില്‍ എന്‍ജിനീയറിങ്ങിന്റെ പാഠങ്ങള്‍ ഉരുവിടാതെ ആ അധ്യാപകനെത്തി. തന്റെ വിദ്യാര്‍ഥികളോടും സഹപ്രവര്‍ത്തകരോടും സ്ഥാപനത്തോടും അവസാനയാത്ര പറയാന്‍...ക്ലാസുമുറിയില്‍ ചുറുചുറുക്കോടെ പഠിപ്പിച്ചുനടന്ന അധ്യാപകന്‍ വെള്ളവിരിപ്പില്‍ പൂക്കള്‍ക്കിടയില്‍ക്കിടന്ന്...

കഴിഞ്ഞദിവസം ഉദുമ കാപ്പില്‍ അഴിമുഖത്ത് മുങ്ങിമരിച്ച കോതമംഗലം എംഎ കോളജ് റിട്ട. ലൈബ്രേറിയന്‍ പുളിയേലില്‍ ജോയി കുര്യാക്കോസിന്റെ മകന്‍ ബിനീഷ് പി.ജോയിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍ നടന്ന ചടങ്ങ് കണ്ണീരില്‍കുതിര്‍ന്നതായി.

ഞായറാഴ്ച 11 മണിയോടെയാണ് മൃതദേഹം കോളേജ് അങ്കണത്തില്‍ എത്തിച്ചത്. കര്‍ണാടക ബ്രഹ്മാവര്‍ ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഏലിയാസ് അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വംനല്കി. പ്രിന്‍സിപ്പല്‍ ഡോ. കെ.എ.നവാസ്, പി.ടി.എ. സെക്രട്ടറി പി.എം.സാമുവല്‍, അധ്യാപകരായ ഡോ. വിനോദ് ജോര്‍ജ്, ഡോ. പ്രവീണ്‍കുമാര്‍ തുടങ്ങിവര്‍ സംബന്ധിച്ചു. 

കോതമംഗലത്തുനിന്നും ബന്ധുക്കള്‍ ഞായറാഴ്ച പുലര്‍ച്ച മൃതദേഹം സൂക്ഷിച്ചിരുന്ന ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എത്തിയിരുന്നു. രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് കോളേജില്‍ എത്തിച്ചത്. ബന്ധുക്കള്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയില്‍ സംസ്‌കരിക്കും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.