Latest News

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഉദുമ സ്വദേശിക്ക് ജാമ്യം

കാഞ്ഞങ്ങാട്: രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ അടക്കം പ്രതികളായ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ലയണ്‍സ് ക്ലബ്ബ് മുന്‍ റീജിയണല്‍ ചെയര്‍മാന്‍ കൂടിയായ കാഞ്ഞങ്ങാട്ടെ ഒമേഗ ട്രാവല്‍ ഏജന്‍സി ഉടമ ഇരിയയിലെ ടൈറ്റസ് തോമസ് (47) പ്രതി.

ടൈറ്റസിനെ വ്യാജപാസ്‌പോര്‍ട്ട് കേസില്‍ പ്രതി ചേര്‍ത്ത് ആഭ്യന്തര സുരക്ഷാ അന്വേഷണ ഏജന്‍സി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

ഈ കേസിലെ മുഖ്യപ്രതി ഉദുമ മുല്ലച്ചേരിയിലെ എ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. പ്രദീപ് കുമാറിന് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുക്കാന്‍ ഒത്താശ നല്‍കിയത് ഒമേഗ ട്രാവല്‍സ് ഉടമയായ ടൈറ്റസ് തോമസാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ടൈറ്റസിനെ അന്വേഷണ ഏജന്‍സി കേസില്‍ പ്രതിചേര്‍ത്തത്.
പ്രദീപ് കുമാര്‍ മാണിക്കം വീട്, തീര്‍ത്ഥങ്കര എന്ന വ്യാജ വിലാസത്തിലാണ് കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നത്. പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പ്രദീപ് കുമാര്‍ വ്യാജ രേഖകള്‍ ഹാജരാക്കിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയതെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പ്രദീപ് കുമാറിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. 

പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രദീപ് കുമാര്‍ ഒളിവില്‍ പോവുകയും ഇതേ തുടര്‍ന്ന് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനു ശേഷം അനധികൃത പാസ്‌പോര്‍ട്ട് കേസ് ആഭ്യന്തര സുരക്ഷാ വിഭാഗം ഏറ്റെടുക്കുകയാണുണ്ടായത്. 2014 ഏപ്രില്‍ 22 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പ്രദീപ് കുമാറിനെ ലുക്കൗട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടുകയും ആഭ്യന്തര അന്വേഷണ വിഭാഗത്തിന് കൈമാറുകയുമായിരുന്നു. പ്രദീപ ്കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ അനധികൃത പാസ്‌പോര്‍ട്ടിന് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരാണെന്ന് തെളിഞ്ഞു. ഒമേഗ ട്രാവല്‍സ് ഉടമയാണ് പ്രദീപ് കുമാറിന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ സഹായിച്ചതെന്നും വ്യക്തമായി.
പോലീസ് ഉദ്യോഗസ്ഥരെ കേസിലെ രണ്ടും മൂന്നും പ്രതികളാക്കിയും ട്രാവല്‍സ് ഉടമയെ നാലാം 
പ്രതിയാക്കിയുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തുടര്‍ അന്വേഷണം നടത്തുന്നത്. കേസില്‍ അകപ്പെട്ടതോ ടൈറ്റസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായിസൂചനയുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന നിരവധി വ്യാജ പാസ്‌പോര്‍ട്ട് ഇടപാടുകളമായി ബന്ധപ്പെട്ട 

കേസുകളില്‍ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പ്രതികളില്‍ പലരും ഇപ്പോഴും വിദേശത്തും മറ്റുമായി ഒളിവില്‍ കഴിയുന്നുണ്ട്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.