Latest News

രോഗം തളര്‍ത്തിയ മനസ്സുകള്‍ക്ക് ചിരിമരുന്നുമായി ഇന്നസെന്റ്‌

പടന്നക്കാട് : രോഗം തളര്‍ത്തിയ മനസ്സുകള്‍ക്കു മരുന്നുമായാണ് നടനും എംപിയുമായ ഇന്നസെന്റ് കാഞ്ഞങ്ങാട്ടെത്തിയത്. വാക്കിനെ ചിരികൊണ്ടു പൊതിഞ്ഞ് അദ്ദേഹം സംസാരിച്ചപ്പോള്‍ സദസ്സ് വേദന മറന്നു. ഓരോ വാക്കിനുംനിലയ്ക്കാത്ത കയ്യടികള്‍.

നീലേശ്വരം കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെയും നെഹ്‌റു കോളജിലെ നെക്‌സസ് കൂട്ടായ്മയുടെയും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന 'സ്‌നേഹസ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇന്നസെന്റ്. ബോംബും മറ്റുമുണ്ടെങ്കിലും മലബാറിലെ ആളുകള്‍ നല്ലവരാണെന്ന ഇന്നസെന്റിന്റെ കമന്റിന് നിറഞ്ഞ കയ്യടിയായിരുന്നു മറുപടി. കുട്ടികളെ വിരട്ടാന്‍ കണ്ണൂരും തലശേരിയിലും കൊണ്ടുപോകുമെന്ന് തെക്കുള്ളവര്‍ പറയുമായിരുന്നു. ഇപ്പോഴതു മാറിയെന്നു പറഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് ആശ്വാസം. കുട്ടികളിപ്പോഴും ടൊ, ഇന്നസെന്റെ ഇങ്ങ്ട് വന്നേ... എന്ന മട്ടില്‍ പെരുമാറുന്നതു കണ്ട് അല്‍പ്പം സ്വീകാര്യത കിട്ടാന്‍ വേണ്ടിയാണ് എംപിയായതെന്നു നര്‍മരൂപേണ പറഞ്ഞപ്പോള്‍ സദസ്സ് പ്രായം മറന്നു ചിരിച്ചു.


പാര്‍ലമെന്റില്‍ ചെന്നു രാഹുല്‍ ഗാന്ധിയുടെ ഉറക്കവും മറ്റും കണ്ടപ്പോഴാണ് അതിനുള്ളിലിരിക്കുന്നതിനെക്കാള്‍ പുറത്തേക്കിറങ്ങി നാടിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്നു തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പഠനകാലത്തെ കുസൃതികളും പ്രതിസന്ധികള്‍ പലതുണ്ടായിട്ടും സിനിമയാണ് മേഖലയെന്നു തിരിച്ചറിഞ്ഞ് അവിടേക്ക് എത്തിയതു വരെയുള്ള കാര്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ചു
പറയുമ്പോള്‍ സദസ്സ് കൗതുകത്തോടെ കേട്ടിരുന്നു.


രോഗം ബാധിച്ചു കിടക്കുമ്പോള്‍ കാണാനും സഹതപിക്കാനും പ്രാര്‍ഥിക്കാനുമെല്ലാം വരുന്നവര്‍ക്കും കിട്ടി ഇന്നസെന്റിന്റെ വക കൊട്ട്! കാവ്യാ മാധവന്റെ നാട്ടിലെത്തിയ സന്തോഷത്തില്‍ മറ്റൊരു രഹസ്യം കൂടി അദ്ദേഹം വെളിപ്പെടുത്തി, കാവ്യയായിരുന്നത്രേ സ്വപ്നനായിക. പക്ഷെ, കെപിഎസി ലളിതയും അടൂര്‍ ഭവാനിയുമൊക്കെയാണ് ജോഡിയായി കിട്ടിയതെന്നു പരിഭവപ്പെട്ടപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി. ഫലിതത്തിനിടയിലും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ഇന്നസെന്റ് ശ്രദ്ധിച്ചു. നെഹ്‌റു കോളജ് ക്യാംപസിലെ നിറഞ്ഞ സദസ്സിനെ ഒന്നാകെ കയ്യിലെടുത്താണ് മലയാളത്തിന്റെ പ്രിയതാരം സദസ്സു വിട്ടത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.